ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി സഖ്യത്തെപ്പറ്റി രമേശ് ചെന്നിത്തല എംഎൽഎയും കോൺഗ്രസ്, ബിജെപി നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിങ്ങോലി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് രണ്ട് അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്.
അതേപോലെ കോൺഗ്രസിന് രണ്ട് സ്ഥിരംസമിതികളുടെ അധ്യക്ഷസ്ഥാനം ലഭിച്ചതും രണ്ട് ബിജെപി അംഗങ്ങളുടെ വോട്ടുകിട്ടിയതിനാലാണ്. ഇരുപാർട്ടികളും പരസ്പര സഹകരണത്തോടെ വോട്ട് ചെയ്തതുകൊണ്ടാണ് എട്ട് വോട്ടുകൾ നേടി ബിജെപി, കോൺഗ്രസ് അംഗങ്ങൾ വിജയിച്ചത്.
മൂന്ന് മുന്നണികളും അവരവരുടെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം ചിങ്ങോലിയിലെ ജനഹിതം അട്ടിമറിക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ അവിശുദ്ധ സഖ്യം.
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ റൺ ചിങ്ങോലിയിൽ നടത്തി വിജയിപ്പിക്കുകയായിരുന്നു. ഹരിപ്പാട്ട് തന്റെ ഭാവി സുരക്ഷിതമല്ലെന്ന് മനസി ലാക്കിയ ചെന്നിത്തല ബിജെപി- ആർഎസ്എസ് പിന്തുണ ആർജിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവിശുദ്ധ സഖ്യത്തിലൂടെ നേടിയെടുത്ത സ്ഥിരംസമിതികളുടെ അധ്യക്ഷ സ്ഥാനങ്ങൾ രാജിവെയ്ക്കാൻ ബിജെപി- കോൺഗ്രസ് അംഗങ്ങൾ തയാറാകാത്തത് ഇതെല്ലാം ഇരുപാർട്ടികളുടെയും നേതൃത്വങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നതിന് തെളിവാണെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
ചിങ്ങോലിയിലെ ജനങ്ങളെ വഞ്ചിച്ച കോൺഗ്രസ്, ബിജെപി നേതൃത്വങ്ങൾക്കെതിരേ എൽഡിഎഫ് ചിങ്ങോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 17 ന് ചിങ്ങോലി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഏകദിന പ്രതിഷേധ സംഗമം നടത്തും. ജനഹിതം അട്ടിമറിച്ച രമേശ് ചെന്നിത്തല എംഎൽഎ രാജിവയ്ക്കുക, അധികാരത്തിനു വേണ്ടി തമ്മിലടിക്കുകയും വർഗീയതയെ കൂട്ടുപിടിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയര്ത്തി നടത്തുന്ന പ്രതിഷേധ സംഗമം രാവിലെ പത്തിന് സിപിഐ ദേശീയ കൗൺസിൽ അംഗം ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 3 ന് നടന്ന സമാപന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി. കെ. ദേവകുമാർ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും.പത്രസമ്മേളനത്തിൽ എൽഡിഎഫ് ജനപ്രതിനിധികളായ ബി.കൃഷ്ണകുമാർ, എ.എം. നൗഷാദ്, എ.സാജൻ, കെ.എൻ. നിയാസ് (നിബു), സരിത ജയപ്രകാശ്, സി. പി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
