മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട അപകടത്തിൽ വിമാനം പറത്തിയ സഹ പൈലറ്റ് സാംഭവി പഥക് അവസാന സന്ദേശമയച്ചത് തന്റെ മുത്തശ്ശിക്ക്. ഗ്വാളിയാറിൽ താമസിക്കുന്ന തന്റെ മുത്തശ്ശി മീര പഥക്കിന് അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഗുഡ് മോർണിംഗ് എന്ന സന്ദേശം അയച്ചിരുന്നു.
25 വയസിനിടെ ഡൽഹി, ലണ്ടൻ, റഷ്യ എന്നിവിടങ്ങളിലേക്ക് സാംഭവി വിമാനം പറത്തിയിരുന്നതായി മുത്തശ്ശി മീര പഥക് പറഞ്ഞു. സാധാരണയായി തനിക്ക് സാംഭവി മെസേജുകൾ ഒന്നും അയക്കാറില്ല. എന്നാൽ ഗുഡ് മോണിംഗ് എന്ന അവളുടെ സന്ദേശം തന്നെ അമ്പരപ്പിച്ചുവെന്നും പിന്നാലെയാണ് അപകടവിവരം അറിയുന്നതെന്നും മീര പഥക് പറഞ്ഞു. മീരയുടെ മൂത്ത മകന്റെ മകളാണ് സാംഭവി. 2025 ഒക്ടോബറിലാണ് സാംഭവി അവസാനമായി ഗ്വാളിയാറിലെ കുടുംബവീട്ടിൽ എത്തിയത്.
അപകടത്തിൽപ്പെട്ട വിഎസ്ആർ ലിയർ 45 ചെറുവിമാനത്തിൽ ക്യാപ്റ്റൻ സുമിത് കപൂറിന്റെ സഹ പൈലറ്റായിരുന്നു സാംഭവി. എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിലെ പൂർവവിദ്യാർഥിനിയാണ്. സെക്കൻഡറി വിദ്യാഭ്യാസത്തിനു ശേഷം ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ കൊമേഴ്ഷ്യൽ പൈലറ്റും ഫ്ളൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയിൽനിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
