സർജറിയെ തുടർന്ന് മെഡിക്കൽ ലീവിൽ കഴിയവെ 27കാരിയായ യുവതിയെ ഇമെയിൽ വഴി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗുരുഗ്രാമിൽ നടന്ന ഈ സംഭവം റെഡ്ഡിറ്റിലൂടെ യുവതി തന്നെയാണ് പങ്കുവെച്ചത്. നോട്ടീസ് പീരിയഡ് തുക നൽകാതിരിക്കാൻ കമ്പനി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും യുവതി വ്യക്തമാക്കുന്നു.
രണ്ടുമാസത്തെ തൊഴിൽരഹിത ജീവിതത്തിന് ശേഷം ജൂലൈ 1നാണ് യുവതി പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ വെറും മൂന്ന് ദിവസത്തെ ജോലിക്ക് ശേഷം വാരാന്ത്യത്തിൽ ഉണ്ടായ ഒരു അപകടത്തിൽ യുവതിയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. തുടർന്ന് അടിയന്തര സർജറിക്ക് വിധേയയായ യുവതിയോട് 2 മുതൽ 3 ആഴ്ച വരെ പൂർണ വിശ്രമം എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
രോഗവിവരങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും കമ്പനിയെ അറിയിച്ചതിനെ തുടർന്ന് മാനേജർ മെഡിക്കൽ ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. ആരോഗ്യം വേഗത്തിൽ വീണ്ടെടുത്ത യുവതി ജൂലൈ 15ന് ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ച് മാനേജർക്കും എച്ച്ആറിനും സന്ദേശം അയച്ചു. എന്നാൽ ഇതിന് മറുപടിയായി പെട്ടെന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിലാണ് യുവതിക്ക് മറുപടിയായി ലഭിച്ചത്.
പിരിച്ചുവിടാനുള്ള കാരണം ചോദിച്ചപ്പോൾ, “ഉത്പ്പന്നങ്ങളെക്കുറിച്ച് പഠിക്കാൻ മടി കാണിച്ചു”, “ക്ലയന്റുകളോട് സംസാരിക്കാൻ വിസമ്മതിച്ചു” തുടങ്ങിയ ആരോപണങ്ങളാണ് കമ്പനി ഉന്നയിച്ചത്. വെറും 3 ദിവസം മാത്രം ജോലി ചെയ്ത തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ തെറ്റുകൾ ചെയ്തെങ്കിൽ മാത്രമേ മുൻകൂട്ടി അറിയിപ്പില്ലാതെ പിരിച്ചുവിടാൻ പാടുള്ളൂ എന്ന് ഓഫർ ലെറ്ററിൽ വ്യക്തമാക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇത്തരം തൊഴിൽ സംസ്കാരമുള്ള സ്ഥാപനത്തിൽ തുടരാതിരിക്കാനും നിരവധി ആളുകൾ യുവതിക്ക് പിന്തുണയുമായി രംഗത്തെത്തി.

