വിദ്യാഭ്യാസം കച്ചവടമാകുന്ന കാലത്താണ് നാമെല്ലാം ജീവിക്കുന്നത്. സ്കൂൾ കോളജ് ഫീസുകൾ ഓരോ അക്കാദമിക് വർഷം കഴിയുന്പോഴും വർധിക്കുകയാണ്. എന്തിനേറെ പറയുന്നു എൽകെജി കുട്ടികൾക്ക് പോലും ഫീസ് ലക്ഷങ്ങളാണ് വേണ്ടി വരുന്നത്. മുംബൈയിലെ ഒരു സ്കൂളിലെ എൽകെജി കുട്ടിക്ക് നാല് ലക്ഷം രൂപ ഫീസ് അടച്ചു എന്ന വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
AJVC സ്ഥാപകൻ അവിരൽ ഭട്നാഗർ സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവയ്ക്കുകയുണ്ടായി. താൻ മുംബൈ ഐഐടിയിൽ ബിടെക് നാല് വർഷം പഠിച്ചപ്പോൾ പോലും ഇത്രയും ഫീസ് അടയ്ക്കേണ്ടി വന്നിട്ടില്ല. എന്റെ കസിൻ അവരുടെ മകന്റെ എൽകെജി ഫീസ് നാല് ലക്ഷമാണ് അടച്ചതെന്ന് എന്നോട് പറഞ്ഞു. ആരും സംസാരിക്കാത്ത അദൃശ്യമായ പണപ്പെരുപ്പമാണ് വിദ്യാഭ്യാസ ചെലവുകൾ. ഒരുപക്ഷേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്യൂട്ടർമാരുടെ വരവ് വിദ്യാഭ്യാസച്ചെലവ് വീണ്ടും താങ്ങാനാവുന്നതാക്കി മാറ്റിയേക്കാം എന്നാണ് അവിരൽ പറഞ്ഞത്.
‘ഇത്രയും തുക വാങ്ങാൻ ഈ കുഞ്ഞുങ്ങളെ അവർ എന്താണ് പഠിപ്പിക്കുന്നത്?’ എന്നാണ് പോസ്റ്റ് വായിച്ച മിക്കവരും പറഞ്ഞത്. എന്തായാലും വിദ്യാഭ്യാസ മേഖല ഇപ്പോൾ കച്ചവടമാക്കിയിരിക്കുകയാണെന്നാണ് മറ്റൊരു കൂട്ടം ആളുകൾ പറഞ്ഞത്.
