മാന്നാർ: നാടിനെ ഭീതിയിലാക്കിയ കാട്ടുപോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴടക്കി. ഇന്നലെ ഉച്ചയോടെ വനപാലകരും പോലീസും ചേർന്ന് ചെന്നിത്തല ഒരിപ്രം ഭാഗത്ത് മയക്കുവെടിവച്ചാണ് കീഴ്പ്പെടുത്തിയത്. ദിവസങ്ങൾക്കു മുമ്പ് മാവേലിക്കരയുടെ വിവിധ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് ഇന്നലെ പുലർച്ചെയോടെയാണ് ചെന്നിത്തലയിലെത്തിയത്.
ചെന്നിത്തല നവോദയ സ്കൂളിന് കിഴക്ക് ഒരിപ്രം രതീഷ് ഭവനത്തിൽ ഗോപിയുടെയും കാവിത്തറയിൽ അജികുമാറിന്റെയും വീട്ടുമുറ്റത്ത് കാണപ്പെട്ടതോടെ അജികുമാർ മാന്നാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് റാന്നിയിൽനിന്നു വനം വകുപ്പ് ഉദ്യോഗസ്ഥരും മാവേലിക്കരയിൽനിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി.
ആളൊഴിഞ്ഞ പറമ്പുകളിലും കണ്ടത്തിലും കറങ്ങിനടന്ന കാട്ടുപോത്ത് മണിക്കൂറുകളോളം നാട്ടിൽ ഭീതിപരത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വൈസ് പ്രസിഡന്റ് അജിതാ ദേവരാജൻ, മെംബർ ബിനു സി.വർഗീസ് എന്നിവരുടെ നേതൃത്തിൽ നാട്ടുകാരും രംഗത്തിറങ്ങി.റാന്നി ആർഎഫ്ഒ ബി.ആർ. ജയൻ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്റ്റ് ഓഫീസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് കാട്ടുപോത്തിനെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയത്.
തിരുവനന്തപുരം ഡിവിഷൻ കോട്ടൂർ ഫോറസ്റ്റ് ഡോ. അരുൺകുമാർ, കോന്നി ഫോറസ്റ്റ് ഡോക്ടർ ജെയ്സ്മോൻ, ഡോ. സിദ്ധാർഥ് ശങ്കർ, കുമളി മൃഗസംരക്ഷണവകുപ്പിലെ ഡോ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് മയക്കുവെടിവച്ച് കാട്ടുപോത്തിനെ വീഴ്ത്തിയത്. വെടിയേറ്റ് മയങ്ങി വീണ കാട്ടുപോത്തിനെ ജെസിബിയുടെ സഹായത്താൽ ഉയർത്തി ലോറിയിൽ കയറ്റി റാന്നി ഫോറസ്റ്റ് ഏരിയയിലെ ഉൾവനത്തിൽ ഇറക്കി വിടുകയായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പഞ്ചായത്തും നാട്ടുകാരും ചേർന്ന് ആദരവ് നൽകി. എം.എസ്. അരുൺകുമാർ എംഎൽഎ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പൊന്നാട ചാർത്തി അനുമോദിച്ചു.
