കായംകുളം: താലൂക്ക് ആശുപത്രിയുടെ മതിൽ അപകടഭീഷണി ഉയർത്തുന്നു. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്ത് എക്സ്റേ യൂണിറ്റിന് സമീപം തെക്കുവടക്കായി നീളത്തിൽ സ്ഥിതി ചെയ്യുന്ന കാലപ്പഴക്കം ചെന്ന മതിലാണ് അപകടഭീഷണി ഉയർത്തുന്നത്. കാലപ്പഴക്കത്താൽ വീണ്ടുകീറി പുറത്തേക്ക് ചരിഞ്ഞ അവസ്ഥയിൽ നിൽക്കുന്ന മതിൽ ഏതു നിമിഷവും നിലംപതിച്ചേക്കാം.
ലബോറട്ടറി ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വഴിയിലോട്ടാണ് മതിൽ ചരിഞ്ഞ് നിൽക്കുന്നത്.വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമുൾപ്പെടെ അനേകം പേരാണ് ഇതുവഴി കടന്നുപോകുന്നത്. ആശുപത്രി ഭാഗത്ത് മതിലിനോട് ചേർന്ന് വാഴയും മറ്റു സസ്യങ്ങളും കൂടി നിൽക്കുന്നതിനാൽ മതിലിന്റെ അപകടാവസ്ഥ ഇതുവഴി വരുന്ന യാത്രക്കാരുടെ ശ്രദ്ധിയിൽ പതിയുകയില്ല.
മഴയും കാറ്റുമൊക്കെ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. കുറച്ചുനാൾ മുമ്പ് ആശുപത്രിയിൽ കെട്ടിടനിർമാണത്തിനായി പൈലിംഗ് നടത്തുന്നതിനിടെ മണ്ണുകൂട്ടിയിട്ട ഭാഗത്തെ മതിൽ റോഡിലേക്ക് തകർന്നുവീണിരുന്നു.
