മാന്നാർ: ചെന്നിത്തല നവോദയ സ്കൂളില്‍ നാലുമാസം മുൻപ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ ആഘാതത്തിൽനിന്ന് മുക്തിയാകുന്നതിന് മുൻപായി മറ്റൊരു വിദ്യാര്‍ഥികൂടി ജീവനൊടുക്കി. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ പ്ലസ് വൺ വിദ്യാർഥി കായംകുളം പുതിയവിള അഭിരാമം വിട്ടിൽ കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജുവിന്റെ മകൻ അഭിഗീതാ(15) ണ് മരിച്ചനിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 ഓടെ ഹോസ്റ്റലിന്റെ വാഷ് റൂമിനു പിന്നിലായാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതം മടുത്തു എന്ന ഒറ്റവരി ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
നാലുമാസം മുമ്പ് മറ്റൊരു വിദ്യാർഥിനിയും ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയിരുന്നു. ഇതിന്റെ അന്വേഷണങ്ങൾ നടന്നുവരുകയാണ്.
ഇതിനിടെയിലുണ്ടായ മറ്റൊരു മരണം വിദ്യാർഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ഒന്നാകെ ദുഃഖത്തിലും ആശങ്കയിലും ആക്കിയിരിക്കുകയാണ്.
ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബിന്ദുവാണ് മാതാവ്. ഏക സഹോദരൻ: അഭിനന്ദ് (എംബിബിസ് വിദ്യാർഥി).
