പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത “കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു…
ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം?
കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ.
പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്.
മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം?
ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു വന്നപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിലും പിന്തുണയായി ഒരു ടീം കൂടെയുണ്ടായതിനാൽ പേടി തോന്നിയില്ല.
കരുതൽ എന്ന ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം?
ചിത്രത്തിന്റെ പേരിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ട്. ലോകത്തിൽ ഏതൊരു ബന്ധം എടുത്തു നോക്കിയാലും അതിന്റെയെല്ലാം അടിസ്ഥാനം കരുതൽ ആണ്. മാതാപിതാക്കൾക്ക് മക്കളോടുള്ള കരുതൽ, അതുപോലെ തിരിച്ചും. കൂട്ടുകാരോടും കൂടപ്പിറപ്പുകളോടും സഹജീവികളോടുമുള്ള കരുതൽ, ഭാര്യാഭർതൃ ബന്ധം…
എല്ലാത്തിന്റേയും അടിസ്ഥാനം കരുതലാണ്. എല്ലാ ബന്ധങ്ങളെയും കരുതലോടെ കാണണം, എല്ലാ വ്യക്തികളേയും കരുതലോടെ കാണണം എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകിയത്. മിക്കവരും ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞത്. ഇത് ഞങ്ങളുടെ കഥയാണല്ലോ എന്നാണ് സിനിമകണ്ടിറങ്ങിയ പലരും പറഞ്ഞത്. അതുതന്നെയാണ് ആദ്യ സിനിമ നൽകിയ സംതൃപ്തി.
കാവ്യാ ദേവദേവൻ
