ഭക്ഷണം കഴിക്കുന്നതിനിടയിലോ മറ്റെന്തെങ്കിലും തരത്തിൽ ഏതെങ്കിലും വസ്തു തൊണ്ടയിൽ കുടുങ്ങിയാൽ പിന്നൊരു അസ്വസ്തതയായിരിക്കും. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടയിൽ ചോപ്സ്റ്റിക്ക് കുടുങ്ങിപ്പോയി. അതും വഹിച്ച് ഒരാൾ നടന്നത് എട്ട് വർഷം. കേൾക്കുന്പോൾ അതിശയം തോന്നുമെങ്കിലും അത് യാഥാർഥ്യമാണ്.
വാംഗ് എന്ന ചെറുപ്പക്കാരനാണ് തൊണ്ടയിൽ 12 സെന്റീമീറ്റർ നീളമുള്ള ലോഹ ചോപ്സ്റ്റിക്കുമായി എട്ട് വർഷത്തോളം ജീവിച്ചത്. ഭക്ഷണവും മദ്യവും ഇടകലർത്തി കഴിക്കുന്നതിനിടെയാണ് ഇയാൾ ചോപ്സ്റ്റിക്ക് വിഴുങ്ങിയത്.
ആദ്യമൊക്കെ തൊണ്ടയിൽ ചില ബുദ്ധിമുട്ടുകൾ തോന്നിയിരുന്നു. എന്നാൽ അത് മദ്യപാനത്തിന്റെ പ്രശ്നമാകാമെന്ന് കരുതി. അയാൾ അതത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ, പിന്നീട് അസ്വസ്ഥത തുടർന്നപ്പോൾ വാംഗ് ഡോക്ടർമാരെ കണ്ടു.
എക്സറേ എടുത്തു നോക്കിയപ്പോൾ ചോപ്സ്റ്റിക്കിന്റെ സാനിധ്യം വ്യക്തമായി. പിന്നാലെ ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചു. എന്നാൽ തന്റെ തൊണ്ട കീറിയുള്ള ശസ്ത്രക്രിയയ്ക്ക് വാംഗ് തയാറായില്ല.
ദിവസങ്ങൾ കടന്നപ്പോഴേക്കും ശ്വാസം എടുക്കാനോ ഭക്ഷണം കഴിക്കാനോ വാംഗിന് ആയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ വേദന കൂടാനും തുടങ്ങി. അതോടെ ശസ്ത്രക്രിയയ്ക്ക് തയാറായി. അങ്ങനെ ശസ്ത്രക്രിയയിലൂടെ ചോപ്സ്റ്റിക്ക് പുറത്തെടുത്തു.
