ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ച് പന്ത്രണ്ടു പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. കൂട്ടിയിടിയെത്തുടർന്ന് ഇരു വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പലരും ബസിനുള്ളിൽ കുടുങ്ങി ജീവനോടെ വെന്തുമരിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മാർക്കാപുരം ഡിഎസ്പി നാഗരാജു പറഞ്ഞു.
ഇന്നു രാവിലെ ആറോടെയാണ് അപകടം. തെലങ്കാനയിലെ നിർമലിൽ നിന്നു നെല്ലൂരിലേക്കു സഞ്ചരിക്കുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച ഉടൻ തന്നെ തീ പടരുകയായിരുന്നു. എട്ടുപേർ സംഭവസ്ഥലത്തുവച്ചാണു മരിച്ചത്.
സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. പരിക്കേറ്റവർക്കു മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐടി മന്ത്രി നാരാ ലോകേഷും അപകടത്തിൽ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം സർക്കാർ ഉണ്ടെന്നും ലോകേഷ് പറഞ്ഞു.
