പെ​ട്രോ​ള്‍, ഡീ​സ​ല്‍ എ​ക്‌​സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്രം; ചില്ലറ വില്പനവിലയിൽ മാറ്റമില്ല

ന്യൂ​ഡ​ല്‍​ഹി: പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും അ​ധി​ക എ​ക്‌​സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റ​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 13 രൂ​പ​യി​ല്‍ നി​ന്ന് മൂ​ന്നു രൂ​പ​യാ​യാ​ണു കു​റ​ച്ച​ത്. പ​ത്തു രൂ​പ​യാ​യി​രു​ന്ന ഡീ​സ​ലി​ന്റെ തീ​രു​വ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് പു​തു​ക്കി​യ നി​ര​ക്കു​ക​ള്‍ ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നു ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്, രാ​ജ്യ​ത്തെ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കാ​നും ആ​ഗോ​ള വി​ല​വ​ര്‍​ധ​ന ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​മാ​ണു കേ​ന്ദ്ര​ന​ട​പ​ടി. അ​തേ​സ​മ​യം, നി​കു​തി​യി​ള​വ് ഇ​ന്ധ​ന​ത്തി​ന്റെ ചി​ല്ല​റ വി​ല്പ​ന വി​ല​യി​ല്‍ ഉ​ട​ന്‍ മാ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. വി​മാ​ന ഇ​ന്ധ​ന​ത്തി​ന്റെ സ്‌​പെ​ഷ​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി ലി​റ്റ​റി​ന് 50 രൂ​പ​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ വ​ഴി ഇ​ത് ലി​റ്റ​റി​ന് 29.5 രൂ​പ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

യു​ദ്ധം ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ എ​ണ്ണ​വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍. ലോ​ക​ത്തെ എ​ണ്ണ-​വാ​ത​ക ആ​വ​ശ്യ​ത്തി​ന്റെ അ​ഞ്ചി​ലൊ​ന്ന് ക​ട​ന്നു​പോ​കു​ന്ന ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന്റെ വി​ല ബാ​ര​ലി​ന് നൂ​റു ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ണ്ണ​ക്ക​മ്പ​നി​യാ​യ ന​യാ​ര പെ​ട്രോ​ളി​ന്റെ​യും ഡീ​സ​ലി​ന്റെ​യും വി​ല വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന്, മ​റ്റു ക​മ്പ​നി​ക​ളും സ​മാ​ന​മാ​യ വി​ല​വ​ര്‍​ധ​ന ന​ട​പ്പാ​ക്കു​മോ​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച​ത്.

ഊ​ര്‍​ജ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​റ​ക്കു​മ​തി​യെ വ​ലി​യ​തോ​തി​ല്‍ ആ​ശ്ര​യി​ക്കു​ന്ന ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​ണ്ണ​വി​ല വ​ര്‍​ധ​ന​വ് രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പ​ത്തെ​യും സ​മ്പ​ദ്വ്യ​വ​സ്ഥ​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ട്. ബ്രെ​ന്റ് ക്രൂ​ഡ് ബാ​ര​ലി​ന് 106.73 രൂ​പ​യാ​ണ് വി​ല.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്കു​ണ്ടാ​ക്കു​ന്ന ന​ഷ്ടം നി​ക​ത്താ​നും അ​തു​വ​ഴി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ന്റെ ആ​ഘാ​തം കു​റ​യ്ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം.

Related posts

Leave a Comment