തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന അച്ഛനമ്മമാരുടെ മക്കളുടെ അന്തിമ പരീക്ഷാ ഫലത്തില്‍ പത്ത് മാര്‍ക്ക് കൂടുതല്‍ നല്‍കും! തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ ആകര്‍ഷകമായ വാഗ്ദാനവുമായി ഒരു വിദ്യാഭ്യാസ സ്ഥാപനം

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനും വോട്ടിംഗിനും കൊടുക്കുന്ന പ്രാധാന്യം മറ്റൊരു രാജ്യത്തും കാണാന്‍ സാധിക്കാത്തതാണ്. രാജ്യം ഈ പ്രക്രിയയ്ക്ക് നല്‍കുന്ന പ്രാധാന്യത്തിന് നിരവധി ഉദാഹരണങ്ങളും കാണാന്‍ സാധിക്കും. തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജ് നടത്തുന്ന പരിശ്രമത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത് വാര്‍ത്തയാവുകയും ചെയ്തിരിക്കുകയാണ്. സ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ പരീക്ഷയില്‍ അധികമായി 10 മാര്‍ക്ക് ഓരോ വിദ്യാര്‍ഥിക്കും നല്‍കുമെന്നാണ് വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത അച്ഛനമ്മമാരുടെ മക്കളുടെ അന്തിമ പരീക്ഷാ ഫലത്തില്‍ പത്ത് മാര്‍ക്ക് കൂടി അധികം നല്‍കുമെന്ന് പ്രിന്‍സിപ്പാള്‍ ആര്‍കെ ഛത്രി പറഞ്ഞു.

പ്രഖ്യാപനത്തോടൊപ്പം വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബാനറുകളും സ്‌കൂള്‍ ഗേറ്റുകളില്‍ നാട്ടിയിട്ടുണ്ട്. ‘രാജ്യത്തോടും അവനവനോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള അവസരമാണ് വോട്ട് ചെയ്യുക എന്നത്. രക്ഷിതാക്കള്‍ എല്ലാവരും തന്നെ വോട്ട് ചെയ്യാനുള്ള അവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. വോട്ട് ചെയ്യുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അന്തിമ പരീക്ഷയില്‍ പത്ത് മാര്‍ക്ക് അധികമായി നല്‍കുമെന്ന് കോളജ് വാഗ്ദാനം ചെയ്യുകയാണ്’, എന്നാണ് ഗേറ്റില്‍ സ്ഥാപിച്ച ബാനറില്‍ എഴുതിയിരിക്കുന്നത്.

Related posts