വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ കടത്തുസംഘത്തിന്റെ തലവനും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ വധിച്ച പ്രതികളിലൊരാളുടെ അനന്തരവനുമായ കുറ്റവാളിയുടെ പേരു വെളിപ്പെടുത്താൻ ഉത്തരവിട്ട് ന്യൂസിലാൻഡ് കോടതി. കുടുംബപ്പേര് രഹസ്യമായിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ”ബൽതേജ് സിംഗി’ന്റെ പേരു വെളിപ്പെടുത്താൻ കോടതി ഉത്തരവിട്ടത്.
22 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവിന്റെ പേര് ശനിയാഴ്ചയാണ് ന്യൂസിലാൻഡ് മാധ്യമങ്ങൾ പുറത്തുവിട്ടത്.ഇന്ദിര ഗാന്ധി വധവുമായി ബന്ധമുള്ള തങ്ങളുടെ കുടുംബപ്പേര് പുറത്തുവന്നാൽ കുടുംബാംഗങ്ങൾ ആക്രമിക്കപ്പെടുമെന്നായിരുന്നു ബൽതേജിന്റെ പിതാവ് കോടതിയിൽ വാദിച്ചത്. ആദ്യം കോടതി ഇത് അംഗീകരിച്ചിരുന്നെങ്കിലും ന്യൂസിലാൻഡ് സർക്കാർ ഇതിനെതിരേ അപ്പീൽ നൽകി. ഇത്രയും വലിയ മയക്കുമരുന്നു കടത്തു നടത്തിയ വ്യക്തിയുടെ പേരു പൊതുസമൂഹം അറിയണമെന്നും, പ്രതികാര നടപടികൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തിയാണു കോടതി പേരു വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് അതീവ രഹസ്യമായാണ് ബൽതേജ് സിംഗ് ലഹരിക്കടത്തു നടത്തിയിരുന്നത്. പാനീയങ്ങൾ എന്ന വ്യാജേന ഇന്ത്യയിൽനിന്ന് കരിക്കിൻ വെള്ളത്തിലും, കാനഡയിൽനിന്നും അമേരിക്കയിൽനിന്നും ബിയർ കുപ്പികളിലുമായാണ് ദ്രവരൂപത്തിലുള്ള മെത്താംഫെറ്റാമൈൻ ന്യൂസിലാൻഡിൽ എത്തിച്ചിരുന്നത്. ഏകദേശം 700 കിലോഗ്രാമോളം മയക്കുമരുന്നാണ് ഇത്തരത്തിൽ പിടികൂടിയത്. ന്യൂസിലാൻഡ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ലഹരിമരുന്ന് അടങ്ങിയ ബിയർ കാൻ അബദ്ധത്തിൽ 21-കാരന് നൽകിയതോടെയാണ് വൻ മാഫിയ കുടുങ്ങിയത്. ബിയർ കുടിച്ച യുവാവ് ഗുരുതരാവസ്ഥയിലായി. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ബൽതേജ് സിംഗിന്റെ പങ്ക് വ്യക്തമായത്. 2021-ൽ ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഓക്ലാൻഡ് വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഈ സംഘത്തിലെ മറ്റൊരു പ്രതിയായ ഹിമത്ജിത് സിംഗ് കലോണിന് 21 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചിരുന്നു.
