തിരുവനന്തപുരം: ശാസ്തമംഗലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബാറ്ററിമുറിയില് തീ പിടിത്തം. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.
ശാസ്തമംഗലം അക്ഷയടവറിലെ കണ്ണാട്ട് ഫൈനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിലെ ബാറ്ററി മുറിയിലാണ് ഇന്ന് രാവിലെ തീ പിടിത്തമുണ്ടായത്.
തിരുവനന്തപുരം ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം പ്രയത്നിച്ച് തീ അണയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
സ്റ്റേഷന് ഓഫീസര്‍ അനീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഷഹീന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.
നാലര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
