മന്ത്രി റോഷി അഗസ്റ്റിന് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ചക്കാമ്പുഴ ലൂര്‍ദ് മാതാ പള്ളിയില്‍നിന്ന് തുടങ്ങിയ മലയാറ്റൂര്‍ തീര്‍ഥാടന യാത്ര 40-ാം വര്‍ഷത്തിലേക്ക്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മലയാറ്റൂർ യാത്ര.
ചക്കാമ്പുഴ തറവാട്ടില്‍നിന്ന് സംഘത്തോടൊപ്പം ഇന്ന് രാത്രി കാല്‍നടയായി യാത്ര ചെയ്താണ് മന്ത്രി മല ചവിട്ടുന്നത്. ആദ്യകാലത്ത് തറവാട്ടുവീട്ടില്‍നിന്ന് വല്യപ്പനായ തോമസും പിന്നീട് പിതാവായ അഗസ്റ്റിനും പെസഹാഅപ്പം മുറിച്ച് പങ്കുവയ്ക്കുകയും ആശീര്‍വദിക്കുകയും ചെയ്യുമായിരുന്നു.
യാത്ര പുറപ്പെടുമ്പോള്‍ ഭാര്യയുടെയും മക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തില്‍ മാതാവ് ലീലാമ്മ കൊന്ത കൊടുത്ത് മകനെ അനുഗ്രഹിക്കും. ചക്കാമ്പുഴയില്‍നിന്ന് ആരംഭിച്ച് രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം വഴിയാണ് മലയടിവാരത്ത് എത്തുന്നത്.
തീര്‍ഥയാത്രയ്ക്ക് ശേഷം കഴിഞ്ഞ ആറു വര്‍ഷമായി ഇടുക്കിയിലേക്കാണ് മന്ത്രി ആദ്യം വരുന്നത്. ഇത്തവണയും ആ പതിവില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പ് പ്രചാരണവും ഈ വരവില്‍ ഉണ്ടാകും.
