കുടക്: കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഐടി പ്രൊഫഷണലും കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനിയുമായ ജി. എസ് ശരണ്യയെ (36) ആണ് കാണാതായത്. മൂന്ന് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും ശരണ്യയെ കണ്ടെത്താനായില്ല. ബെട്ട വനമേഖലയിൽ അറുപതംഗ പോലീസ്, വനംവകുപ്പ് സംഘമാണ് അന്വേഷണം നടത്തുന്നത്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്.
കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ ഓൺലൈനായി ബുക്ക് ചെയ്താണ് ട്രക്കിംഗിന് എത്തിയത്. എന്നാൽ, കാട്ടാന ശല്യമുള്ളതിനാൽ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിച്ചു. ഇതോടെ യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുക്കുകയായിരുന്നു. തുടർന്ന്, 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെയാണ് വനത്തിലേക്ക് പോയത്.
വഴി തെറ്റിയെന്നറിയിച്ചു ശരണ്യയുടെ സന്ദേശം ഉച്ചയ്ക്കു 2നു ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പോലീസിനെ അറിയിച്ചു. ഉടൻ കർണാടക വനം വകുപ്പും പോലീസും തെരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനം ഡപ്യൂട്ടി കൺസർവേറ്റർ അഭിഷേക് പറഞ്ഞു.
