ലക്നോ: വീടിന്റെ മുകളിൽ കളിച്ചുകൊണ്ടിരുന്ന ഒന്പത് വയസുകാരിയെ തള്ളിയിട്ട് കുരങ്ങിന്റെ ആക്രമണം. നിലത്ത് വീണ കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിൽ അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്.
മറ്റ് കുട്ടികളോടൊപ്പം വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ച് സമീപവാസികൾ പ്രതിഷേധ പ്രകടനം നടത്തി.
കുരങ്ങുകളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹയിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായി സംഭാവനകൾ നൽകി.
