കൊച്ചി: പാലക്കാടന്‍ കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. തൃപ്പൂണിത്തുറയില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നുംപറയാന്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്ബലന് ആണെങ്കില്‍ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയില്‍, അങ്ങനെ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു.
വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂര്‍വം ഫ്ളിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടു. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
