ശാസ്ത്രലോകത്തിന്റെ കണ്ടുപിടിത്തങ്ങൾ മനുഷ്യർക്ക് അത്ഭുതമെന്ന് തോന്നും. വികാരനിർഭരവും അസാധാരണവുമായ ഒരു സംഭവമാണ് ചൈനയിൽ നിന്നും ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. വാഹനാപകടത്തിൽ മരിച്ച മകന്റെ വിയോഗം താങ്ങാനാവാത്ത വൃദ്ധമാതാവിനെ ആശ്വസിപ്പിക്കാൻ ഒരു കുടുംബം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടി.
ചൈനയിലെ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ വർഷം ഷാൻഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു കുടുംബത്തിന് അവരുടെ ഏക മകനെ വാഹനാപകടത്തിൽ നഷ്ടമായത്. ഹൃദ്രോഗിയായ എൺപതുകാരി അമ്മയ്ക്ക് ഈ ആഘാതം താങ്ങാനാവില്ലെന്ന് ഭയന്ന് കുടുംബം മരണവാർത്ത അവരിൽ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു.
എഐ വിദഗ്ധനായ ഷാങ് സെവീയെ മരിച്ചയാളുടെ മകൻ സമീപിക്കുകയും നിരവധി ഫോട്ടോകൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ കുടുംബം ഷാങ്ങിന് കൈമാറുകയും ചെയ്തു. ഇത് ഉപയോഗിച്ച് അദ്ദേഹത്തിന്റെ പ്രാദേശിക സംസാരശൈലിയിലുള്ള ഒരു ഡിജിറ്റൽ അവതാർ നിർമിച്ചു.
മരിച്ചവ്യക്തിയുമായി വളരെയധികം സാമ്യമുള്ള ഈ എഐ രൂപം നിലവിൽ ഒരു ചാറ്റ് ആപ്പ് വഴി വീഡിയോ കോളിലൂടെ അമ്മയുമായി ദിവസവും സംസാരിക്കുന്നുണ്ട്. തന്നെ ഇടയ്ക്കിടെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കണമെന്ന് അവർ എഐ മകനോട് ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ താൻ ജോലിത്തിരക്കിലാണെന്നും അധികനേരം സംസാരിക്കാൻ കഴിയില്ലെന്നുമാണ് എഐ മകൻ മറുപടി നൽകുന്നത്. മാതാപിതാക്കൾ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്നും, അത്യാവശ്യം പണം സമ്പാദിച്ചു കഴിഞ്ഞാൽ വീട്ടിൽ തിരിച്ചെത്തി തന്റെ കടമകൾ നിറവേറ്റുമെന്നും എഐ മകൻ അവരോട് പറയുന്നു.
തന്റെ മകൻ മരിച്ച വിവരം ആ അമ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
