തുറവൂർ: അന്ധകാരനഴിയുടെ വിനോദസഞ്ചാര സ്വപ്നങ്ങൾ കാടുകയറുന്നു. വൻ വികസനപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടാരംഭിച്ച വിനോദസഞ്ചാരകേന്ദ്രം ഇപ്പോൾ കാടുകയറിയ നിലയിലാണ്. ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികളാണ് അന്ധകാരനഴി ബീച്ചിൽ സമയം ചെലവഴിക്കാനെത്തുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നുണ്ട്. എന്നാൽ സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കാത്തതാണ് ഇവിടത്തെ ടൂറിസം വളർച്ചയ്ക്ക് വിഘാതമായി നിൽക്കുന്നത്. കോടികൾ മുടക്കി നിർമിച്ച ടൂറിസം കേന്ദ്രം ഏറെക്കുറെ തകർന്ന് തരിപ്പണമായ നിലയിലാണ്.
വളരെ മനോഹരമായി നിർമിച്ച വാക്വേകളെല്ലാം കാടുകയറി. അതോടൊപ്പം ഇവിടെ നിർമിച്ച റസ്റ്ററന്റിന്റെയും മത്സ്യലേല ഹാളിന്റെയും മേൽക്കൂര വർഷങ്ങൾക്കു മുൻപ് പൊളിച്ചുനീക്കിയെങ്കിലും ഇതുപോലും പുനഃസ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തയാറായിട്ടില്ല. അഞ്ചുവർഷം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം പ്രതിനിധീകരിച്ച പ്രദേശംകൂടിയായിട്ടും അന്ധകാരനഴി വിനോദസഞ്ചാര കേന്ദ്രത്തെപൂർണമായി അവഗണിച്ചതിൽ പ്രതിഷേധം ശക്തമാകുകയാണ്.
