ചൈനയിലെ യുവതലമുറ ആധുനിക സാങ്കേതികവിദ്യകളൊക്കെ ഉപയോഗിച്ച് അധികം തിക്കും തിരക്കും ഇല്ലാത്ത ഷോപ്പിംഗ് മാളുകളെ റിയൽ-ലൈഫ് ബാറ്റിൽ റോയൽ യുദ്ധക്കളങ്ങളാക്കി മാറ്റുന്ന കൗതുകമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
പബ്ജി, ഫോർട്ട്നൈറ്റ് തുടങ്ങിയ വീഡിയോ ഗെയിമുകൾക്കാണ് ഇത്തരത്തിൽ യുവതലമുറ ജീവൻ നല്കിയിരിക്കുന്നത്. ജനപ്രിയ വീഡിയോ ഗെയിമുകളിലെ പോലെ “അവസാനം വരെ അതിജീവിക്കുന്നവൻ വിജയി” എന്ന ആശയം യഥാർത്ഥ ജീവിതത്തിൽ മാളുകളിൽ നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണുകളോ എആർ ഹെഡ്സെറ്റുകളോ വഴി കളിക്കാർക്ക് എതിരാളികളുടെ ‘ഹെൽത്ത് ബാർ’ കാണാനും വെടിയുതിർക്കാനും സാധിക്കും. കച്ചവടം കുറഞ്ഞ് വിജനമായ ഷോപ്പിംഗ് മാളുകളിലെ ഇടനാഴികളും എസ്കലേറ്ററുകളും ഫുഡ് കോർട്ടുകളുമാണ് യുദ്ധക്കളങ്ങളായി മാറുന്നത്. രാത്രികാലങ്ങളിലോ മാളുകൾ അടച്ച ശേഷമോ ആണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളത്.
വെറുമൊരു കളി എന്നതിലുപരി, ഓടാനും ഒളിക്കാനുമുള്ള ശാരീരിക വ്യായാമമായും സാമൂഹിക കൂട്ടായ്മയായുമാണ് ചൈനീസ് യുവാക്കൾ ഇതിനെ കാണുന്നത്. ബീജിംഗ്, ഷാങ്ഹായ്, ക്വിംഗ്ദാവോ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്.
