ഇന്ത്യക്കാരുടെ അതിഥിസൽക്കാരത്തെയും സ്നേഹത്തെയും വാനോളം പുകഴ്ത്തിക്കൊണ്ട് വിദേശ വനിതയായ പേജ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഒറ്റയ്ക്ക് ഇന്ത്യയിൽ യാത്ര ചെയ്യുന്ന തനിക്ക് ലഭിച്ച മറക്കാനാകാത്ത ചില അനുഭവങ്ങളാണ് പേജ് തന്റെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. താൻ കണ്ടുമുട്ടിയതിൽ വെച്ച് ഏറ്റവും കൂടുതൽ അതിഥിമര്യാദയുള്ള ആളുകളാണ് ഇന്ത്യക്കാരെന്നും, ഈ നിലപാടിൽ താൻ ഉറച്ചുനിൽക്കുമെന്നും പേജ് വ്യക്തമാക്കുന്നു.
ഒരു ദിവസം രാത്രി വൈകി ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ പേജ് ബുക്ക് ചെയ്ത ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. എന്നാൽ പേജിനെ വഴിയിൽ ഉപേക്ഷിക്കാൻ അവിടുത്തെ ഊബർ ഡ്രൈവർ തയ്യാറായില്ല. അയാൾ വാഹനം സുരക്ഷിതമായ ഒരിടത്ത് പാർക്ക് ചെയ്ത ശേഷം, പേജിന്റെ സുരക്ഷ ഉറപ്പാക്കാൻ ഹോട്ടൽ വരെ കൂടെ നടന്നുചെന്നു. ഒരു അപരിചിതനായ വ്യക്തി തന്റെ സുരക്ഷയ്ക്കായി ഇത്രയും ചെയ്തത് അവരെ ഏറെ അത്ഭുതപ്പെടുത്തി.
ഒരു ഫാർമസിയിൽ സാധനം വാങ്ങിയപ്പോൾ ബാക്കി നൽകാൻ കൃത്യമായ തുകയില്ലാത്തതിനാൽ ക്യാഷർ പേജിന് ഒരു ഹാൻഡ് സാനിറ്റൈസർ സൗജന്യമായി നൽകി. വഴിതെറ്റിയപ്പോൾ തന്നെ ബസ് സ്റ്റേഷൻ വരെ കൂട്ടിക്കൊണ്ടുപോയ ഒരു സ്ത്രീയെക്കുറിച്ചും, മഴയത്ത് കുടുങ്ങിയപ്പോൾ തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് നൽകിയ ഒരു റെസ്റ്റോറന്റ് ജീവനക്കാരനെക്കുറിച്ചും, നിർബന്ധിച്ച് പകോഡ കഴിക്കാൻ നൽകിയ ഒരു പ്രായമായ സ്ത്രീയെക്കുറിച്ചും പേജ് തന്റെ വീഡിയോയുടെ അടിക്കുറിപ്പിൽ ഓർക്കുന്നു.
കഴിഞ്ഞ ഒരു മാസത്തെ ഇന്ത്യയിലെ യാത്രയ്ക്കിടയിൽ എനിക്ക് ലഭിച്ച ദയ നിറഞ്ഞ ഒട്ടനവധി അനുഭവങ്ങളിൽ ചിലത് മാത്രമാണിത്. ഒരു വനിതാ സോളോ ട്രാവലർ എന്ന നിലയിൽ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോൾ എനിക്ക് നേരിയ ഭയമുണ്ടായിരുന്നു. എന്നാൽ ഇവിടെ ലഭിച്ച സ്വീകരണം എന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും പേജ് വ്യക്തമാക്കി.
ഇന്ത്യയിലെ ആളുകൾ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധരാണെന്നും, താൻ ഈ രാജ്യത്തെ പ്രണയിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനോടകം തൊണ്ണൂറ്റി രണ്ടായിരത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ആളുകൾ കമന്റുകളിലൂടെ പേജിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള വിദേശ സഞ്ചാരിയുടെ ഈ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
