പരവൂർ: കഠിനമായ മലനിരകളും പ്രകൃതിദുരന്തങ്ങളും മൂലം തപാൽ വിതരണം പ്രതിസന്ധിയിലാകുന്ന ഉൾഗ്രാമങ്ങളിലേക്ക് ഇനി ഇന്ത്യ പോസ്റ്റിന്റെ ഡ്രോൺ തപാൽ പറന്നെത്തും. പ്രമുഖ ഡ്രോൺ കമ്പനിയായ സ്കൈ എയർ മൊബിലിറ്റിയുമായി കൈകോർത്ത് രാജ്യത്തെ ഏറ്റവും വലിയ തപാൽ ഡ്രോൺ ശൃംഖലയ്ക്ക് ഇന്ത്യ പോസ്റ്റ് തുടക്കം കുറിച്ചു. ഹിമാചൽ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ 150 ഓളം ദുർഘട റൂട്ടുകളിലാണ് ഈ അത്യാധുനിക സേവനം നിലവിൽ വരുന്നത്.
കരാർ ഒപ്പിട്ട് വെറും 72 മണിക്കൂറിനുള്ളിൽ, ഹിമാചൽ പ്രദേശിലെ മാണ്ടിയിൽ നിന്ന് ജൂൺ 12-ന് ആദ്യ ഡ്രോൺ സർവീസ് വിജയകരമായി ആരംഭിച്ചു. ഹിമാചലിലെ 110 കേന്ദ്രങ്ങളെയും ആസാമിലെ 40 കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ടത്തിൽ ഈ ശൃംഖല പ്രവർത്തിക്കുക.
സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, കൃത്രിമബുദ്ധിയുടെ ഏറ്റവും പുതിയ രൂപമായ ഫിസിക്കൽ എഐ സാങ്കേതികവിദ്യയിലാണ് ഈ ഡ്രോണുകൾ പ്രവർത്തിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നതിന് പകരം യാത്രാമധ്യേ ഉണ്ടാകുന്ന ശക്തമായ കാറ്റ്, മേഘാവൃതമായ അന്തരീക്ഷം, മലനിരകളിലെ ഭൂപ്രകൃതി എന്നിവ സ്വയം മനസിലാക്കി തത്സമയം റൂട്ട് മാറ്റാൻ ഈ ഡ്രോണുകൾക്ക് സാധിക്കും.
മൈനസ് പത്ത് ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള കഠിനമായ താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾക്ക് പത്തു കിലോഗ്രാം വരെയുള്ള തപാൽ ബാഗുകൾ വഹിക്കാനാകും. അഞ്ച് കിലോമീറ്റർ മുതൽ 80 കിലോമീറ്റർ വരെയുള്ള ദൂരങ്ങളിലേക്ക് മണിക്കൂറുകൾക്ക് പകരം വെറും മിനിറ്റുകൾ കൊണ്ട് ഇവ തപാലുകൾ എത്തിക്കും. മുൻപ് മണിക്കൂറുകൾ എടുത്തിരുന്ന മാണ്ടി-രെഹാർധർ റൂട്ടിൽ ഇപ്പോൾ വെറും ഏഴ് മിനിറ്റ് കൊണ്ടാണ് ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തിയത്.
കനത്ത മഞ്ഞുവീഴ്ചയും പ്രളയവും കാരണം മാസങ്ങളോളം റോഡ് മാർഗം വിച്ഛേദിക്കപ്പെടുന്ന ഹിമാചലിലെയും അസമിലെയും ജനങ്ങൾക്ക് ഈ പദ്ധതി ഒരു ജീവനാഡിയാകും. കേവലം കത്തുകൾ മാത്രമല്ല ഗ്രാമീണർക്കുള്ള പെൻഷൻ രേഖകൾ, ഔദ്യോഗിക അറിയിപ്പുകൾ, ജീവൻരക്ഷാ മരുന്നുകൾ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴിയുള്ള സാമ്പത്തിക സേവനങ്ങൾ എന്നിവയെല്ലാം ഇനി തടസമില്ലാതെ ഈ ആകാശമാർഗത്തിലൂടെ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തും.
മുൻപ് ഹിമാചലിലും ഉത്തരാഖണ്ഡിലും നടത്തിയ പരീക്ഷണങ്ങളിൽ റോഡ് മാർഗത്തെ അപേക്ഷിച്ച് യാത്രാസമയത്തിൽ 50 മുതൽ 80 ശതമാനം വരെ കുറവുണ്ടാക്കാൻ ഡ്രോണുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
2030-ഓടെ ഇന്ത്യയെ ലോകത്തിന്റെ ഡ്രോൺ ഹബ്ബാക്കി മാറ്റുകയെന്ന കേന്ദ്ര സർക്കാരിൻ്റെ ദീർഘവീക്ഷണത്തിന് കരുത്തുപകരുന്നതാണ് ഇന്ത്യ പോസ്റ്റിന്റെ ഈ വലിയ ചുവടുവയ്പ്പ്. നിലവിൽ ലോകത്തിലെ മറ്റൊരു തപാൽ വകുപ്പും ഇത്രയും വലിയ ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിച്ച് ഈ തോതിൽ ഡ്രോൺ ശൃംഖല നടപ്പിലാക്കിയിട്ടില്ല.
ഗ്രാമീൺ ഡാക് സേവക്മാരുടെയും തപാൽ ജീവനക്കാരുടെയും നേരിട്ടുള്ള നിർദേശങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പിലാക്കിയതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അധികൃതർ പറഞ്ഞു. പദ്ധതി പൂർണതോതിൽ ആകുന്നതോടെ കാർബൺ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കാനാകുമെന്നും, ഇന്ത്യ പോസ്റ്റിന്റെ 165 വർഷത്തെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണിതെന്നും അധികൃതർ വ്യക്തമാക്കി.
എസ്. ആർ സുധീർ കുമാർ
