ബംഗളൂരു: ചാർജർ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തിന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കനേരിവാഡി സ്വദേശിയായ പ്രേം പരശുരാം സൂര്യവംശി (18) ആണ് മരിച്ചത്. കർണാടകയിലെ ചിക്കോഡി സ്വദേശിയായ പ്രേം കുടുംബത്തോടൊപ്പം കനേരിവാഡിയിലായിരുന്നു താമസം.
പന്ത്രണ്ടാം ക്ലാസ് പഠനത്തോടൊപ്പംതന്നെ പാർട് ടൈം ആയി എംഐഡിസിയിലെ ഒരു സ്ഥാപനത്തിൽ പ്രേം ജോലിക്കായി പോയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ യുവാവ് താൻ ചാർജർ മറന്ന്വച്ചെന്നും അത് എടുത്തിട്ട് വരാം എന്ന് പറഞ്ഞ് പുറത്തേക്ക് പോവുകയും ചെയ്തു.അവിടെ നിന്ന് പോയ യുവാവ് പിന്നീട് സുഹൃത്തിന്റെ മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവസ്ഥലത്ത്വച്ച് തന്നെ മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പ്ലസ് ടു പരീക്ഷാ ഫലം വരാനിരിക്കെ ഉണ്ടായ ഈ വിയോഗം നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
