കൊച്ചി: സംസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് സര്‍വേ ഫലം. കേരളത്തില്‍ 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന് വേണ്ടി നടത്തിയ സര്‍വേ ഫലം പറയുന്നു.
എല്‍ഡിഎഫിന് 51 സീറ്റ് പറയുമ്പോള്‍ എന്‍ഡിഎയ്ക്ക് ഒന്നും പ്രവചിക്കുന്നില്ല.വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമ്പോഴും മുന്നണി എന്ന നിലയില്‍ വോട്ട് വിഹിതത്തില്‍ യുഡിഎഫ് വലിയ തോതില്‍ വിയര്‍ക്കുന്നുവെന്നാണ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ആരെന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് 29.7 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശന് ഒന്നാമതെത്തി. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 26.7 ശതമാനം പേരുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്താണ്.
യുഡിഎഫിന് 44.9 ശതമാനവും എല്‍ഡിഎഫിന് 41.4 ശതമാനവും എന്‍ഡിഎയ്ക്ക് 13.7 ശതമാനവും വോട്ട് വിഹിതം സംസ്ഥാന തലത്തില്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 43.5 ശതമാനവും എല്‍ഡിഎഫിന് 42.8 ശതമാനവും എന്‍ഡിഎയ്ക്ക് 13.7 ശതമാനവും വോട്ട് വിഹിതമാണ് മണ്ഡലം തലത്തില്‍ ലഭിച്ചത്.
ആകെയുള്ള 140 സീറ്റില്‍ കടുത്ത മത്സരം നടക്കുന്ന 28 സീറ്റുകളില്‍ 22 സീറ്റ് യുഡിഎഫിനും 5 സീറ്റ് എല്‍ഡിഎഫിനും ആണ് സര്‍വേ പറയുന്നത്. മന്ത്രി മണ്ഡലങ്ങളിലും എല്‍ഡിഎഫ് കോട്ടകളിലും വിള്ളല്‍ വീഴാമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.
