തൊഴിൽ പദവികൾ മനുഷ്യർക്കിടയിൽ അതിരുകൾ തീർക്കുന്ന ഇന്നത്തെ ലോകത്ത്, മാനവികതയ്ക്ക് മാറ്റുകൂട്ടുന്ന ഒരു അപൂർവ്വ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർഡിയാക് സർജൻ ഡോ. പ്രശാന്ത് മിശ്ര. തന്റെ ഡ്രൈവർക്ക് വേണ്ടി 4.25 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കായി ചെലവഴിക്കുകയും അദ്ദേഹത്തെ ‘സഹപ്രവർത്തകൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ഒരു വ്യവസായിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ഒരു രോഗി ഡോക്ടറെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഏകദേശം 4.25 ലക്ഷം രൂപ ചിലവ് വരുമായിരുന്നതിനാൽ, സൗജന്യ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയെ സമീപിക്കാൻ ഡോക്ടർ ആദ്യം അദ്ദേഹത്തോട് നിർദ്ദേശിച്ചു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി രോഗിയുടെ മകൻ ഡോക്ടറെ ബന്ധപ്പെടുകയും ചിലവിൽ ഇളവ് ചോദിക്കുകയും ചെയ്തു.
എന്നാൽ അടുത്ത ദിവസം തന്നെ രോഗിയുടെ മുതലാളി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ തുകയും ആശുപത്രിയിലേക്ക് നേരിട്ട് അയച്ചു നൽകുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ശേഷം സന്തോഷവാർത്ത അറിയിക്കാൻ ഡോക്ടർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു.
സംസാരത്തിനിടയിൽ അദ്ദേഹം ഡ്രൈവറെ ‘എന്റെ സഹപ്രവർത്തകൻ’ എന്നാണ് വിശേഷിപ്പിച്ചത്. രോഗി തന്നെ പരിചയപ്പെടുത്തിയത് ‘ഡ്രൈവർ’ എന്നാണല്ലോ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ, ആ മുതലാളി നൽകിയ മറുപടിയാണ് ഡോക്ടറുടെയും സോഷ്യൽ മീഡിയയുടെയും ഹൃദയം കവർന്നത്.
“അദ്ദേഹം കഴിഞ്ഞ 15 വർഷമായി എനിക്കൊപ്പമുണ്ട്. ഞാൻ അദ്ദേഹത്തെ വെറുമൊരു ഡ്രൈവറായി കാണുന്നില്ല. ഞാനും ജോലി ചെയ്യുന്നു, അദ്ദേഹവും ജോലി ചെയ്യുന്നു. ഞങ്ങളുടെ ജോലികൾ വ്യത്യസ്തമാണെങ്കിലും ദൈനംദിന ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സഹപ്രവർത്തകരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ സംഭവം തന്നിൽ വലിയ തരംഗമുണ്ടാക്കിയെന്നും, വീട്ടുജോലിക്കാരെയോ മറ്റ് ജീവനക്കാരെയോ ഒരിക്കലും താഴ്ത്തിക്കെട്ടരുതെന്നും, അവർക്കും മറ്റാരെയും പോലെ തുല്യ ബഹുമാനവും അന്തസ്സും അർഹതയുണ്ടെന്നും ഡോ. പ്രശാന്ത് കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പിന് താഴെ മുതലാളിയുടെ വിശാലമനസ്കതയെ പുകഴ്ത്തി നിരവധി ആളുകളാണ് കമന്റുകളുമായെത്തിത്.
