സിനിമാ ലോകത്ത് നടിമാർ നേരിടേണ്ടി വരുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പലപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത നടി മദൽസ ശർമ. “ദ മെയിൽ ഫെമിനിസ്റ്റ്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ്, 19-ാം വയസിൽ ഒരു പ്രശസ്ത സംവിധായകനിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം താരം പങ്കുവച്ചത്.
ഒരു സിനിമയുടെ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ സംവിധായകൻ ബിക്കിനി ധരിക്കണമെന്ന് നിർബന്ധം പിടിച്ചു. കഥാപാത്രത്തിന് ബിക്കിനി ധരിക്കേണ്ടി വരുമെന്ന് അറിയിച്ചു. കഥയ്ക്ക് അനിവാര്യമാണെങ്കിൽ ബിക്കിനി ധരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് താൻ മറുപടി നൽകി.
എന്നാൽ, കാമറയ്ക്ക് മുന്നിലല്ല, മറിച്ച് തന്റെ മുന്നിൽവച്ച് ബിക്കിനി ധരിക്കണമെന്നും മദൽസയുടെ “ബോഡി ലാംഗ്വേജ്’ പരിശോധിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെട്ടത്. ഈ ആവശ്യം തന്നെ ഞെട്ടിച്ചുവെന്ന് താരം പറഞ്ഞു.
സംവിധായകന്റെ ഈ പെരുമാറ്റത്തോട് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താരം പ്രതികരിച്ചത്. “ഞാനൊരു അഭിനേത്രിയാണ്. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ കാമറയ്ക്ക് മുന്നിൽ സാരിയോ ലെഹങ്കയോ ബിക്കിനിയോ ധരിക്കാൻ എനിക്ക് മടിയില്ല. എന്നാൽ, നിങ്ങളുടെ മുന്നിൽവച്ച് അത് ചെയ്യുക എന്നത് എന്റെ ജോലിയുടെ ഭാഗമല്ല,’ എന്ന് താരം മറുപടി നൽകി.
തന്റെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം തന്നെ കാസ്റ്റ് ചെയ്താൽ മതിയെന്നും അല്ലാത്തപക്ഷം താൻ പോകുകയാണെന്നും പറഞ്ഞ് താൻ അവിടെ നിന്ന് ഇറങ്ങിപ്പോയതായും അവർ പറഞ്ഞു. പിന്നീട് ഏതാനും ദിവസങ്ങൾക്ക് ശേഷം, ആ സിനിമയിൽ കാസ്റ്റ് ചെയ്യപ്പെട്ട നടിയും സംവിധായകനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത താൻ വായിച്ചതായും മദൽസ വെളിപ്പെടുത്തി.
സിനിമയിൽ പിടിച്ചുനിൽക്കാൻ “അഡ്ജസ്റ്റ്മെന്റുകൾ’ അനിവാര്യമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത്തരം വിട്ടുവീഴ്ചകൾക്ക് താൻ ഒരിക്കലും തയാറായിട്ടില്ലെന്ന് താരം പറയുന്നു.
ഇത്തരം ആവശ്യങ്ങളുമായി വരുന്നവർ നമ്മുടെ ദൗർബല്യം മുതലെടുക്കാനാണ് നോക്കുന്നത്. അവിടെ നമ്മൾ കാണിക്കുന്ന ആത്മവിശ്വാസമാണ് പ്രധാനം. തന്റെ നിലപാടുകളിൽ ഉറച്ചുനിന്നത് കൊണ്ട് ചില അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കാം, എങ്കിലും സമാധാനത്തോടെ ഉറങ്ങാൻ തനിക്ക് കഴിയുന്നുണ്ടെന്ന് താരം അഭിമാനത്തോടെ പറയുന്നു.
