കോട്ടയം: നെടുങ്കുന്നം പഞ്ചായത്തിലെ വീരൻമലയിലെ കുന്നിടിച്ചു മണ്ണുകടത്താനുള്ള നീക്കത്തിനെതിരേ പോരാട്ടം കടുപ്പിക്കാന്‍ സമരസമിതിയും നാട്ടുകാരും. പ്രാദേശികമായി ഒത്തൊരുമിച്ച് പ്രത്യക്ഷസമരം ആരംഭിക്കാനാണ് നീക്കം. വീരൻമലയിലേക്കുള്ള വഴിവെട്ടിയതിനു ശേഷം മലയില്‍നിന്നു മണ്ണെടുപ്പ് സംഘം പറഞ്ഞ വിലയ്ക്ക് വീട് കൊടുത്ത് താമസം മാറിയത് രണ്ടു കുടുംബങ്ങളാണ്.
മൂന്നു വീടുകള്‍ ഒരുമിച്ചുണ്ടായിരുന്ന നിരയില്‍ ഇതോടെ ഒരു വീട് മാത്രം ബാക്കിയായി. വിറ്റ രണ്ടു വീടുകളും ഉപയോഗയോഗ്യമാണ്. എന്നാല്‍ മണ്ണെടുപ്പ് സംഘമെത്തിയതോടെ വില്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. അയല്‍വാസികള്‍ വീട് വിറ്റ് പോയതോടെ കുടുംബവും തനിച്ചായി. മണ്ണെടുപ്പ് പുനരാരംഭിച്ചാല്‍ ഏറ്റവും ആദ്യം ബാധിക്കുന്നതും ഈ കുടുംബത്തെയാണ്.
പശുക്കൾ, കോഴികൾ, മറ്റ് കൃഷികൾ എന്നിവയിൽ നിന്ന് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഇവര്‍ ആശങ്കയിലാണ്. എന്നാല്‍ സമരസമിതിയുടെയും പഞ്ചായത്തിന്റെയും പിന്തുണയോടെ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.വീരൻമലയില് ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുക്കുന്നു എന്ന വ്യാജേനെ നടക്കുന്ന പരിസ്ഥിതി ചൂഷണത്തിനെതിരേ കഴിഞ്ഞ ദിവസം കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു.
ഇതില്‍ വിശദമായ യോഗം ബന്ധപ്പെട്ട അഞ്ചു വകുപ്പധികൃതരെ ചേര്‍ത്ത് ഉടന്‍ വിളിക്കാമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉറപ്പു നല്‍കിയിരുന്നു. ആ യോഗത്തിന് ശേഷമാകും തുടര്‍നടപടികളെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. ആവാസ വ്യവസ്ഥയെയും മനുഷ്യ ജീവനെയും തകര്‍ക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാരും വകുപ്പ് അധികൃതരും സസൂക്ഷ്മം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
റോബിന് ഏബ്രഹാം ജോസഫ്
വീരന്മലയിലെ മണ്ണെടുപ്പ് ഒരു കാരണവശാലും സമ്മതിക്കില്ല. പദ്ധതി നടപ്പിലാകാതിരിക്കാന്‍ ഇടപെടലുകളുണ്ടാവും. നിയമപ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് വിഷയം കൃത്യമായി പഠിച്ച് മറിക്കടക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനെയും സമീപിക്കും.
റോണി കെ. ബേബി
കാഞ്ഞിരപ്പള്ളി
നിയുക്ത എംഎല്‍എ
