ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ദൃശ്യം 3 ഈ മാസം 21 ന് തിയേറ്ററുകളിലെത്തുകയാണ്. അതും മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍. സംവിധായകന് ജീത്തു ജോസഫ് ആദ്യ രണ്ട് ഭാഗങ്ങളും സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ചതിനാല്‍ മൂന്നാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മൂന്നാം ഭാഗം ആശിര്‍വാദ് സിനിമാസ്, പനോരമ സ്റ്റുഡിയോസ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മീന, അന്‍സിബ ഹസന്, എസ്തര് അനില്‍, മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
13 വര്‍ഷത്തിനുശേഷം ജോര്‍ജുകുട്ടിയെന്ന അതേ കഥാപാത്രമായി എത്തുകയെന്ന അപൂര്‍വഭാഗ്യവും ഈ ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം ലാലേട്ടനുണ്ട്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടന് മോഹന്‍ലാല്‍ മനസ് തുറക്കുന്നു…
പ്രേക്ഷകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണോ?
ദൃശ്യം 3 പിറന്നാള്‍ സമ്മാനമാണെന്ന് ആളുകളൊക്കെ പറയുന്നു. സമ്മാനം കൊടുക്കുമ്പോള്‍ അത് മോശമാകാന്‍ പാടില്ലല്ലോ. സമ്മാനം അത്യാവശ്യം നല്ലതായിരിക്കുമെന്നാണ് എന്റെ വിശ്വാസം. നല്ലൊരു സിനിമ ചെയ്തുവെന്ന് പറയാന്‍ കഴിയും. പിറന്നാള്‍ ദിനത്തിലെ ഈ റിലീസിംഗ് മനഃപൂര്‍വം സംഭവിച്ചതല്ല.
ഈ ചിത്രം നേരത്തെ റിലീസ് ചെയ്യാനൊക്കെ ശ്രമിച്ചതാണ്. പിന്നീടാണ് മിഡില്‍ ഈസ്റ്റ് പരിപാടികളൊക്കെ വന്നത്. വ്യാഴാഴ്ച അല്ലെങ്കില്‍ വെള്ളിയാഴ്ചയാണ് പൊതുവെ റിലീസുകള്‍ വരുന്നത്. മേയ് 21 നോക്കിയപ്പോള്‍ വ്യാഴാഴ്ചയായിരുന്നു. അതൊരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത്രയും ആളുകള്‍ കാത്തിരിക്കുന്നൊരു സിനിമ, അത് പിറന്നാളിന് കൊടുക്കുക എന്നത് ആന്റണിയുടെ അഭിപ്രായമായിരുന്നു. അത് ഒരിക്കലേ സംഭവിക്കുകയുള്ളൂ.
എല്ലാ പിറന്നാളിനും സിനിമ ഇറക്കാന്‍ പറ്റില്ല. അതുമാത്രമല്ല ദിവസവും വരണം. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്യാരക്ടറുകളിലൊന്നാണ് ജോര്‍ജുകുട്ടി. ആ കുടുംബത്തില്‍ സംഭവിച്ചത് എന്തൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും എങ്ങനെ രക്ഷപ്പെടുന്നു എന്നുള്ളതാണ് എല്ലാവര്ക്കും അറിയേണ്ടത്. പിറന്നാള്‍ ദിനത്തില്‍ തന്നെ സിനിമ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്. പിറന്നാള്‍ സമ്മാനമായി പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇമോഷണല്‍ സിനിമ?
ദൃശ്യം 3 കുറേക്കൂടി ഇമോഷണല്‍ സിനിമയാകാന്‍ സാധ്യതയുണ്ട്. രണ്ട് കുടുംബത്തിന്റെ കഥയാണത്. രണ്ട് അച്ഛന്മാരുടെ, രണ്ട് അമ്മമാരുടെ, രണ്ട് കുട്ടികളുടെ കഥയാണ്. മകനെ നഷ്ടമായ മാതാപിതാക്കളുടെയും കഥ. അവര്‍ക്ക് സുഖമായി ഉറങ്ങാന്‍ കഴിയുന്നില്ല.
13 വര്‍ഷം കൊണ്ട് ജോര്‍ജുകുട്ടിയുടെ കുടുംബം വലുതായി. കുട്ടികള്‍ വലുതായി. കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. ജോര്‍ജ് കുട്ടിയൊരു പാവമാണ്. അയാള്‍ ആരെയും കൊന്നിട്ടില്ല. കൊലപാതകമല്ല നടന്നത്. ഒരു കൈയബദ്ധമാണ്. അങ്ങനെ എത്രയോ ആള്‍ക്കാര്‍ക്ക് സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് എല്ലാവരെയും ബാധിക്കും. കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്കുട്ടി ശ്രമിക്കുകയാണ്.
ജോര്‍ജുകുട്ടിയുടെ ഇമോഷണലുകളാണ് ജീത്തു ജോസഫ് ഫോക്കസ് ചെയ്തിരിക്കുന്നത്. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകര്‍ അവര്‍ക്കൊപ്പം ചേര്‍ത്തതാണ്. ജോര്‍ജ്കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്. അവരെ നിരാശപ്പെടുത്താനാവില്ല. ജീത്തു ജോസഫ് ആ സ്റ്റോറി നല്ലതായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോര്‍ജുകുട്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന എല്ലാത്തിനും ഒരു അവസാനം വേണം. അതില്‍ വിജയിച്ചോയെന്ന് നിങ്ങള്‍, പ്രേക്ഷകരാണ് പറയേണ്ടത്.
ജോര്‍ജ്കുട്ടി എന്റെ കൈയില്‍ നിന്നു പോയി?
ജോര്‍ജ്കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. വളരെ അത്യപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. നമ്മള് ഒരു സിനിമ ചെയ്യുമ്പോള്‍, കഥാപാത്രം കുറച്ചു കഴിഞ്ഞ് അത് മനസിലാകും. ഒരുപാട് സിനിമകളുണ്ട് നമുക്ക് ഓര്‍ത്തുവയ്ക്കാന്‍, വാനപ്രസ്ഥം, തൂവാനത്തുമ്പികള്‍, താളവട്ടം, ചിത്രം, തന്മാത്ര എന്നിങ്ങനെ. ജോര്‍ജ്കുട്ടി തുടങ്ങിയപ്പോള്‍ മുതല്‍ ഒന്നായി, രണ്ടായി ഇപ്പോള്‍ മൂന്നായി… അയാള്‍ ആരാണെന്ന് കഥാപാത്രമായ എനിക്ക് മനസിലാകുന്നില്ല. അയാള്‍ എന്റെ കൈയില്‍ നിന്നൊക്കെ പോയി.
അതുതന്നെയാണ് ജീത്തുവും പറഞ്ഞത്. എന്തായാലും 13 വര്‍ഷമായി കുടുംബവുമായി സഞ്ചരിക്കുന്ന ആളാണ് ജോര്‍ജുകുട്ടി. അയാള്‍ക്ക് ഒരു രഹസ്യം ഒളിപ്പിച്ചു വയ്ക്കേണ്ടിവന്നു. അയാള്‍ ക്രൈം ഒന്നും ചെയ്തിട്ടില്ല. അയാളുടെ മകള്‍ക്കുവേണ്ടി, ഭാര്യക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സത്യം ഒളിപ്പിക്കണ്ടിവന്നു. ‘നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. ഞാനുണ്ട്.’- അത് അയാളുടെ വാക്കാണ്. അത് സംരക്ഷിക്കാനായി കഴിഞ്ഞ 13 വര്‍ഷമായി അയാളൊരു യാത്രയിലാണ്.
അയാള്‍ക്ക് വയ്യാതായി, എല്ലാ നിമിഷവും ജോര്‍ജ്കുട്ടിക്ക് പേടിയാണ്. ഭാര്യയുടെയും മക്കളുടെയും ചോദ്യത്തിനു മുന്നില്‍ തന്റെ മനസിലുള്ളത് എന്തെന്ന് പ്രകടിപ്പിക്കാന്‍ പറ്റാത്ത ആളായി മാറി അയാൾ. സന്തോഷിക്കേണ്ട സന്ദര്‍ഭങ്ങളില്‍പോലും അയാള്‍ അറിയാതെ സങ്കടപ്പെടും. എങ്കിലും അത് ആരെയും അറിയാക്കാതെ മുന്നോട്ടു കൊണ്ടുപോകും. എവിടെയെങ്കിലും ഇതെല്ലാം ഒന്നും ഇറക്കിവയ്ക്കണം. അതിനായി പള്ളിയില്‍ പോയി പ്രാര്‍ഥിക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പറയുന്നയാളാണ് ജോര്‍ജ് കുട്ടി.
ജോര്‍ജ് കുട്ടിയെ എങ്ങനെ വിലയിരുത്തുന്നു?
ജോര്‍ജ് കുട്ടിയുടെ ഉള്ളിലിരിപ്പ് എനിക്കറിയില്ല. ക്യാരക്ടറിനെ അറിയാതെ പെര്‍ഫോം ചെയ്യുന്ന ഒരു ക്യാരക്ടറേ ഞാന്‍ ചെയ്തിട്ടുള്ളൂ. എനിക്ക് തന്നെ അയാളെ കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഡിഫിക്കല്‍റ്റ് ക്യാരക്ടറാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യാം. പക്ഷെ ഇയാളെ എനിക്ക് മനസിലാകുന്നില്ല. എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസിലാകുന്നില്ല. കാരണം അയാള്‍ ഭയങ്കര കാല്ക്കുലേഷനിലാകാം ജീവിക്കുന്നത്. ഒരു ചെറിയ ബബിള്‍ പൊട്ടിയാല്‍ എല്ലാം തീര്‍ന്നു. അത്രയും ഇന്റലിജന്റായും പേടിയിലും ജീവിക്കുന്ന ആളാണ്.
ദൃശ്യം മൂന്നിലേക്ക് എത്തിയപ്പോള്‍ അയാള്‍ ഫിലോസഫിക്കലാകുന്നു. സ്പിരിച്വാലിറ്റിയിലേക്ക് പോകുന്നു. അതൊന്നും എനിക്കൊരു മടുപ്പായി തോന്നിയില്ല. കാരണം ജോര്‍ജ് കുട്ടിക്ക് മടുപ്പ് തോന്നിയാല്‍ ഈ സിനിമ നടക്കില്ല. കഥ നടക്കില്ല. പിന്നെ നമ്മള് ചെയ്യുന്ന പ്രഫഷനോട് മടുപ്പു തോന്നിയാല്‍, അങ്ങനെ തോന്നാതിരിക്കട്ടെ, അങ്ങനെ തോന്നിയാല്‍ അത് നിര്‍ത്തുകയാണ് വേണ്ടത്. കാരണം ആ മടുപ്പ് മറ്റുള്ളവരിലേക്കും പടരും. പലര്‍ക്കും ഇഷ്ടമല്ലാത്ത ജോലി ചെയ്യുന്പോൾ അവര്‍ അത് പ്രകടമായി കാണിക്കും. ഒരു അഭിനേതാവിന് ഒരിക്കലും അത് സാധിക്കില്ല. ഞാന്‍ 48 വര്‍ഷമായി സിനിമ ചെയ്യുന്നു. പുതിയ സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്ത പോലത്തെ ഭയം ഇപ്പോഴുമുണ്ട്.
ജോര്‍ജ് കുട്ടി എന്ന അച്ഛനെക്കുറിച്ച്….
എനിക്കും രണ്ട് മക്കളുണ്ട്. അതില്‍ ഒരാള്‍ മകളാണ്. അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഇടവേളകളിലെല്ലാം ഈ കുട്ടികളുമായി തമാശകള്‍ പറയും. അതിനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അവര്‍ എനിക്കും തന്നിട്ടുണ്ട്. ഈ സിനിമയില്‍ മാത്രമല്ല. എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആ സ്വാതന്ത്ര്യം ഞാന്‍ നല്‍കാറുണ്ട്. മലയാള സിനിമയില്‍ കുറച്ച് ആക്ടേഴ്സേ ഉള്ളു. അവരെല്ലാം ഒരു കുടുംബം പോലെയാണ്. കഴിഞ്ഞ് 13 വര്‍ഷമായി ഈ രണ്ടിനെയും കൊണ്ടു നടക്കുന്ന അച്ഛനല്ലേ ഞാൻ. സിനിമയില്‍ പറയുന്നതുപോലെ ആ ചെറുത് ഏറ്റവും വലിയ കുഴപ്പമാണ്. ഞാന്‍ പറഞ്ഞതല്ല എന്നെക്കൊണ്ട് ജീത്തു പറയിപ്പിച്ചതാണ്. അത് ഒരുപരിധിവരെ സത്യവുമാണ്.
സീമ മോഹന്‍ലാല്‍
