തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയാരെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേസമയം കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്.
ഇന്നുതന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.
