മൂലമറ്റം: ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയ യുവാവ് തിരിച്ചുകയറാനാകാതെ കുടുങ്ങി. ഒടുവില്‍ മൂലമറ്റം അഗ്നിരക്ഷാ സേന രക്ഷകരായി. ഇന്നലെ വൈകുന്നേരം 3.30ന് കോളപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എതിര്‍വശം അടൂര്‍മലയിലാണ് സംഭവം.
താഴത്തെചേനാട്ട് ഗീത രാജന്റെ ആട് മേഞ്ഞുനടക്കുന്നതിനിടെ സമീപവാസിയായ ഇളയാനിത്തോട്ടം സുരേഷിന്റെ കിണറ്റില്‍ വീഴുകയായിരുന്നു. ചുറ്റുമതിലും 30 അടി ആഴവുമുള്ള കിണറ്റില്‍ ഏകദേശം പത്തടി വെള്ളം ഉണ്ടായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തവീട്ടില്‍ ഗൃഹനിര്‍മാണത്തിനായി എത്തിയ തൊടുപുഴ തെക്കുംഭാഗം സ്വദേശിയായ ഷിബിന്‍ തങ്കച്ചന് ഗോവണി കയറില്‍കെട്ടി കിണറ്റിലിറങ്ങി ആടിനെ പിടിച്ചുനിര്‍ത്തിയെങ്കിലും തിരിച്ചു കയറാന്‍ സാധിക്കാതെ വന്നു. ഇതോടെയാണ് സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ സന്തോഷ് വിവരം അഗ്നിരക്ഷാ സേനയില്‍ അറിയിച്ചത്.
ഉടന്‍തന്നെ മൂലമറ്റത്തുനിന്ന് സംഭവസ്ഥലത്ത് എത്തിയ സേനാംഗങ്ങള്‍ റെസ്ക്യു നെറ്റ് ഉപയോഗിച്ച് ആളിനെയും, ആടിനെയും സുരക്ഷിതമായി കരയില്‍ എത്തിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളായ ബിബിന്‍ എ. തങ്കപ്പന്, സി.സി. അജയകുമാര്‍, ഷിന്റോ ജോസ്, കെ.പി. പ്രവീണ്‍, കെ.എ. പ്രശാന്ത്, അഫ്സല് ഖാന്, ഡി. റോയിമോന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
