കോഴിക്കോട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി രംഗത്ത്. ശുചിമുറിയിൽ പോകാനുള്ള അടിയന്തര സാഹചര്യം ഉണ്ടായതിനെത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് എമർജൻസി എക്സിറ്റ് ഉപയോഗിച്ചതെന്ന് യുവതി വ്യക്തമാക്കി.
കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കു പോയ ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ യുവതി ഗ്ലാസ് തകർക്കുകയായിരുന്നു.
ആ നിമിഷം അമിതമായ സമ്മർദത്തിലായിരുന്നെന്നും മറ്റൊരു മാർഗവും മുന്നിൽ കണ്ടില്ലെന്നും അതിനാലാണ് ചില്ല് തകർക്കാൻ ശ്രമിച്ചതെന്ന് യുവതി വ്യക്തമാക്കി.
തെറ്റിനെ ന്യായീകരിക്കാനല്ല ശ്രമിക്കുന്നത് നിർഭാഗ്യവശാൽ കാര്യങ്ങൾ വഷളായതിൽ അന്നേദിവസം തന്നെ മാപ്പപേക്ഷിച്ചതായും അവർ അറിയിച്ചു. ഗ്ലാസിന്റെ നാശനഷ്ടങ്ങൾക്കായി 28,000 രൂപ പിഴയായി ഇതിനോടകം അടച്ചുതീർത്തു. ജീവനക്കാരുമായുള്ള പ്രശ്നങ്ങൾ ഔദ്യോഗികമായി പരിഹരിച്ചതാണ്. എന്നാൽ ഇപ്പോഴും തുടരുന്ന ഓൺലൈൻ ആക്രമണങ്ങൾ തന്നെ മാനസികമായി തളർത്തുകയാണെന്നും, വീഡിയോകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും യുവതി അഭ്യർഥിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ചാണ് യുവതി ഗ്ലാസ് തകർത്തതെന്നാണ് ബസ് ജീവനക്കാരുടെ പ്രതികരണം.
യുവതി ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ജീവനക്കാർ പറഞ്ഞതോടെ യുവതി ഗ്ലാസ് തകർക്കുകയായിരുന്നു. തുടർന്ന് കെഎസ്ആർടിസി അധികൃതർ പോലീസിൽ പരാതി നൽകി.
ബസിനുണ്ടായ നഷ്ടം പരിഹരിക്കാമെന്ന് യുവതി പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. യുവതിയിൽ നിന്ന് 28,000 രൂപ പിഴ ഈടാക്കിയെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
