തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യുട്യൂബറും ബിസിനസുകാരിയുമൊക്കെയായ ദിയ കൃഷ്ണയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ കഴിഞ്ഞ ഏതാനും കുറച്ച് ദിവസങ്ങളായി വലിയ പ്രശ്നത്തിലകപ്പെട്ടിരിക്കുകയാണ് താരപുത്രി.
തന്റെ ഭർത്താവ് അശ്വിൻ ഗണേഷിന്റെ അമ്മയെ അമ്മയെന്ന് വിളിക്കില്ല ദിയ പറഞ്ഞത് ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ടായിരുന്നു. അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ തനിക്ക് വീട്ടിൽ ആളുണ്ടെന്നും അതില്ലാത്തവർക്ക് വേണമെങ്കിൽ വഴിയിലുള്ളവരെ അച്ഛാ അമ്മ എന്ന് വിളിക്കാമെന്നും ദിയ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാണ് ദിയ സംസാരിക്കുകയെന്നും വിമർശനം വന്നു.
പലരും ഇവരെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മാപ്പ് പറയാൻ താൻ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ താരം കുറിപ്പും പങ്കുവച്ചു.
“കുറച്ച് നെഗറ്റീവ് കമന്റുകൾക്കെതിരേ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി ക്ഷമ ചോദിച്ചാൽ ആഗ്രഹിക്കുകയാണ്. ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇൻസ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലർ വളരെ സ്നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, എന്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല”, എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.
