ചെന്നൈ: തമിഴ്നാട്ടിൽ 59 വർഷത്തിനുശേഷം ചരിത്രമെഴുതി കോൺഗ്രസ്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ലോക്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ രാവിലെ പത്തിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആറു പതിറ്റാണ്ടിനോടടുക്കുന്ന കാത്തിരിപ്പിനു ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നതു ചരിത്രപരമായ നിമിഷമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 1952-ന് ശേഷം തമിഴ്നാട് സാക്ഷ്യം വഹിക്കുന്ന ആദ്യ സഖ്യകക്ഷി സർക്കാർ കൂടിയാകും ഇത്.
മന്ത്രിസ്ഥാനത്തിനു പുറമെ, ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കും കോൺഗ്രസ് ടിവികെ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡിഎംകെ എംപി സി.വി. ഷൺമുഖം വിരമിക്കുന്ന ഒഴിവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ഈ സീറ്റിൽ വിജയിക്കാനാകും. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസിനെ ടിവികെ പാളയത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുതിർന്ന കോൺഗ്രസ് നേതാവായിരിക്കും രാജ്യസഭയിലേക്കു പരിഗണിക്കപ്പെടുക എന്നാണു സൂചന.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി കേവലഭൂരിപക്ഷത്തിനു തൊട്ടരികിൽ എത്തിയ വിജയ്യുടെ ടിവികെയ്ക്ക്, അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണു പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്, ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നിരസിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് ടിവികെയുമായി സഖ്യമുണ്ടാക്കിയത് ഡിഎംകെ ക്യാമ്പിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.
ഇടത് പാർട്ടികൾ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ), വിസികെ തുടങ്ങിയ പാർട്ടികളുമായി ചേർന്നാണ് വിജയ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. സഖ്യകക്ഷികളെല്ലാം ഭരണത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിരുന്നതായി ടിവികെ നേതാവ് ആദവ് അർജുന വ്യക്തമാക്കി. എന്നാൽ സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകാനാണ് ഇടത് പാർട്ടികളുടെ തീരുമാനം.
