പരവൂർ: ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ മറ്റ് മൂന്നാം കക്ഷി പേയ്മെന്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ മൊബൈൽ റീചാർജുകളും ബിൽ പേയ്മെന്റുകളും നേരിട്ട് നടത്താം.ഇതിനായി ഭീം യുപിഐ പിന്തുണയോടെ പ്രവർത്തിക്കുന്ന പുതിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ ബിഎസ്എൻഎൽ പേ കമ്പനി തങ്ങളുടെ ഔദ്യോഗിക സെൽഫ് കെയർ ആപ്പിൽ ലൈവാക്കി. ബിഎസ്എൻഎൽ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) ഹാൻഡിൽ വഴിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
മൊബൈൽ റീചാർജ് ചെയ്യുന്നതിനായി ഉപഭോക്താക്കൾ വിവിധ ആപ്പുകൾക്കിടയിൽ മാറിമാറി ഉപയോഗിക്കേണ്ടി വരുന്ന പൊതുപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമായിരിക്കുന്നത്. കൂടുതൽ വേഗതയേറിയതും തടസമില്ലാത്തതുമായ പേയ്മെന്റ് അനുഭവമാണ് ബിഎസ്എൻഎൽ പേ ഉറപ്പുനൽകുന്നത്.
റീചാർജ് ചെയ്യുമ്പോൾ പേയ്മെന്റുകൾ പൂർത്തിയാക്കാൻ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടാതെ സെൽഫ് കെയർ ആപ്പിനുള്ളിൽ തന്നെ ഇടപാടുകൾ പൂർത്തിയാക്കാം.പ്ലാറ്റ്ഫോമിൽ ഓട്ടോപേ, യുപിഐ ലൈറ്റ്, ആവർത്തിച്ചുള്ള റീചാർജുകൾ എന്നിവയ്ക്കുള്ള സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ റീചാർജുകൾക്കും ബിൽ പേയ്മെന്റുകൾക്കുമുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം, പേയ്മെന്റ് ് പ്രക്രിയ പൂർണമായും ബിഎസ്എൻഎല്ലിന്റെ സ്വന്തം ആപ്പ് ആവാസവ്യവസ്ഥയിൽ നിലനിർത്താൻ ഈ നീക്കം സഹായിക്കും.
ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാപഥമൊരുക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താം.
- എസ്. ആർ സുധീർ കുമാർ
