തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ നടക്കുന്ന ഇഡി പരിശോധനയില്‍ പ്രതികരണവുമായി എംപി ജോൺ ബ്രിട്ടാസ്. കോൺഗ്രസും ബിജെപിയും കൂടിയുളള ഒത്തുകളിയാണ് ഇതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
പിണറായി വിജയൻ തീയിൽ കുരുത്ത നേതാവാണ്. ഇതുപോലുളള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ട്. സിപിഎമ്മിനെ തളര്‍ത്താമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. അതിനെ പിണറായി വിജയനും പാർട്ടിയും പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇപ്പോൾ നടക്കുന്ന റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാടലാണ്. കോൺഗ്രസും ബിജെപിയും ഒത്തുകളിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവായി വേണം ഈ റെയ്ഡിനെ കാണാൻ. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഹൈക്കമാൻഡ് നേതാക്കൾ കേരളത്തിൽ വന്ന്, “എന്തുകൊണ്ട് പിണറായി വിജയനെ വേട്ടയാടുന്നില്ല, അദ്ദേഹത്തിനെതിരെ കേസുമായി മുന്നോട്ട് പോകുന്നില്ല, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നില്ല” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ഒത്തുകളി ദൃശ്യമായിരുന്നു. അതിന്റെ ഭാഗമായി നടന്ന ‘ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണ’യാണ് ഇപ്പോൾ ഇവിടെ അരങ്ങേറുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് തിഹാറിലടയ്ക്കാൻ കോൺഗ്രസും ബിജെപിയും എങ്ങനെയാണോ ഗൂഢാലോചന നടത്തിയത്, അതിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് കേരളത്തിൽ കാണുന്നത്.
തീയിൽ കുരുത്ത്, അഗ്നിപഥത്തിലൂടെ മുന്നേറിയ നേതാവാണ് പിണറായി വിജയൻ. ഇതുപോലെ ഒട്ടനവധി വേട്ടയാടലുകൾ കോൺഗ്രസും ബിജെപിയും അദ്ദേഹത്തിനെതിരെ നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെയാണ് അദ്ദേഹം ഉയർത്തെഴുന്നേറ്റത്.
കേരളത്തിലെ സിപിഎമ്മിനെ നയിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ പ്രചരിപ്പിക്കാത്ത കള്ളക്കഥകളില്ല. സിബിഐ കേസിലൂടെ അദ്ദേഹത്തെ തളർത്താൻ നോക്കി; ഒടുവിൽ കോടതികൾ ചവറ്റുകൊട്ടയിലെറിഞ്ഞ ലാവ്ലിൻ കേസിന്റെ ചരിത്രം കൂടി നമ്മൾ ഓർക്കുന്നത് നന്നായിരിക്കും. ഇപ്പോൾ നടക്കുന്ന ഈ വേട്ടയാടൽ പിണറായി വിജയനെയോ സിപിഎമ്മിനെയോ തളർത്താനാണെങ്കിൽ, അത് കോൺഗ്രസിന്റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണ്.
എല്ലാ ഇച്ഛാശക്തിയോടും കൂടി പിണറായി വിജയനും ഇടതുപക്ഷ പ്രസ്ഥാനവും ഇതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും. സിഎംആർഎൽ (CMRL) രേഖകൾ പുറത്തുവന്നപ്പോൾ, നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് പണമായി (Liquid Cash) കൈപ്പറ്റിയ രണ്ടുപേർ ഇന്ന് സംസ്ഥാന മന്ത്രിസഭയിലുണ്ട്.
യഥാർത്ഥത്തിൽ, കണക്കിൽപ്പെടാത്ത പണം വാങ്ങിയെന്ന് സിഎംആർഎൽ വ്യക്തമാക്കിയ ഈ രണ്ടുപേർക്കെതിരെ ഇഡിയോ ഇൻകംടാക്സോ ഒരു ചെറുവിരൽ പോലും അനക്കിയിട്ടുണ്ടോ? ഇന്ത്യയിൽ പണമിടപാടുകൾ നടത്തുന്നതിന് കൃത്യമായ നിയമങ്ങളുണ്ട്.
ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള ഇടപാടുകൾ രേഖാമൂലമായിരിക്കണം. ഇവിടെ 15 ലക്ഷവും 20 ലക്ഷവും വാങ്ങിയെന്ന് വാങ്ങിയവരും കൊടുത്തവരും സമ്മതിക്കുന്നു. എന്നിട്ടും എന്തെങ്കിലും അന്വേഷണം നടന്നോ? അതേസമയം, നിയമാനുസൃതമായ ഒരു ബിസിനസിന്റെ ഭാഗമായി, കൃത്യമായി നികുതിയടച്ച് പണം വാങ്ങിയ ഒരു യുവതിക്കെതിരെയാണ് ഇവിടെ നീക്കങ്ങൾ നടക്കുന്നത്. അതാണോ ഇവിടുത്തെ ഏറ്റവും വലിയ കുറ്റകൃത്യം?
