തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ അമ്മയ്ക്കെതിരേ പ്രേരണാകുറ്റം ചുമത്തും. രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ മർദിച്ചത് അമ്മ അഖിലയുടെ അറിവോടെയാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്സി/ എസ്ടി അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും.
അഖിലയുമായുള്ള ബന്ധത്തിൽ കുഞ്ഞ് തടസമാണെന്ന കാരണത്താലാണ് അഷ്കർ ദിവസങ്ങളോളം അതിക്രൂരമായി കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ച ദിവസം നൃത്തപരിപാടിക്കായി നാഗർകോവിലിലായിരുന്നു അഖില. ഇത് കൊലയ്ക്ക് സൗകര്യമൊരുക്കാനാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കുഞ്ഞിനെ കൊലപ്പെടുത്താനായി അഷ്കർ മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. അഷ്കർ കുഞ്ഞിനെ വീടിന്റെ പടിക്കെട്ടിൽ തള്ളിയിട്ടതിനെത്തുടർന്നാണ് രണ്ട് കൈകളും ഒടിഞ്ഞത്. എന്നാൽ സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റുവെന്നാണ് അഷ്കറും അഖിലയും എല്ലാവരോടും പറഞ്ഞത്.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അഷ്കർ പ്ളാസ്റ്റർ അഴിച്ചുമാറ്റി. തുടർന്ന് കുഞ്ഞ് വേദനിച്ചുകരഞ്ഞപ്പോൾ മർദിച്ചു. മാസങ്ങൾക്കുമുന്പ് ഇയാൾ കുഞ്ഞിനെ ഒറ്റയ്ക്ക് സൺഷേഡിൽ നിർത്തിയിരുന്നു. ആളുകൾ ശ്രദ്ധിച്ചതോടെയാണ് മാറ്റിയതെന്ന് അയൽവാസി വെളിപ്പെടുത്തിയിരുന്നു.
