കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി).
സമന്‍സ് നല്കി വീണ തൈക്കണ്ടിയേയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുമ്പ് തെളിവ് ശേഖരണം പൂര്‍ത്തിയാക്കും. ആദ്യം കേസന്വേഷിച്ച കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐഒയില്‍ നിന്നും മാസപ്പടി കേസിലെ തെളിവ് ശേഖരിക്കും.
ചോദ്യം ചെയ്യാനോ അറസ്റ്റ് നടപടികള്‍ക്കോ തടസമില്ലെങ്കിലും തെളിവുകള്‍ ഉറപ്പാക്കിയ ശേഷം നീങ്ങാനാണ് ഇഡിയുടെ നിലവിലെ തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നാണ് സൂചന.
മാസപ്പടി കേസിലെ അന്വേഷണത്തിന് ഇഡിക്ക് ഹൈക്കോടതിയില്‍ നിന്നും ഇന്നലെ പച്ചക്കൊടി ലഭിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചും തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ തടയണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല. അന്വേഷണത്തിന് തടസങ്ങളൊന്നുമില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഇഡിക്ക് ഇനി അതിവേഗം സമന്‍സ് നല്കി വിളിപ്പിക്കാം, ചോദ്യം ചെയ്യാം, തുടര്നടപടികളുമാകാം.
പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, 2016 മുതല്‍ 2020, 2021 വരെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആര് എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
