ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുതിർന്ന നേതാക്കൾക്കെതിരേ കുറ്റം ചുമത്താൻ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടു. സർക്കാരിനെ അട്ടിമറിച്ച് 2047ഓടെ രാജ്യത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമയുടേതാണ് ഉത്തരവ്.
പിഎഫ്ഐക്കും അതിന്റെ 25 ഭാരവാഹികൾക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ ) എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു.
മുസ്ലിം മതത്തിൽപ്പെട്ട യുവാക്കളെ തീവ്രവാദത്തിലേക്കു നയിക്കാനും രാജ്യത്തു തീവ്രവാദം വളർത്താനും മുസ്ലിം രാഷ്ട്രം വളർത്തിയെടുക്കാനും പിഎഫ്ഐ നേതൃത്വം ഗൂഢാലോചന നടത്തിയതായാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം. കുറ്റപത്രത്തിന്മേലുള്ള വാദങ്ങൾ മൂന്നു മാസത്തോളം കേട്ടശേഷമാണു കോടതി നടപടി.
ഇന്ത്യയിലെ മതേതര ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കുക, ഭരണകൂടത്തിനെതിരേ സായുധപോരാട്ടം നടത്തി 2047 ഓടെയോ അതിനു മുന്പോ രാജ്യത്ത് ശരിഅത്ത് നിയമപ്രകാരമുള്ള ഇസ്ലാമികരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു പ്രതികളുടെ ഗൂഢാലോചനയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തികളെപ്പോലെതന്നെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ നിയമപരമായി നിലനിൽപ്പുള്ള ഒരു സ്ഥാപനമാണ് പോപ്പുലർ ഫ്രണ്ട് എന്നതിനാൽ സംഘടനയ്ക്കെതിരേയും കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. തുടർനടപടികൾക്കായി കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.
