പരവൂർ: രാജ്യത്തെ റെയിൽ ശൃംഖലയെ സമ്പൂർണമായി ഹരിതവൽക്കരിക്കുന്നതിനുള്ള ചരിത്രപരമായ ദൗത്യത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ.റെയിൽവേയുടെ ആകെ ബ്രോഡ്ഗേജ് ശൃംഖലയുടെ 99.6 ശതമാനം ഭാഗങ്ങളും വിജയകരമായി വൈദ്യുതീകരിച്ചു കഴിഞ്ഞതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.ഇനി വെറും അഞ്ച് സംസ്ഥാനങ്ങളിലായി 269 റൂട്ട് കിലോമീറ്റർ പാത മാത്രമാണ് വൈദ്യുതീകരിക്കാൻ അവശേഷിക്കുന്നത്.
2026 മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ 70,271 റൂട്ട് കിലോമീറ്റർ ബ്രോഡ് ഗേജ് ലൈനുകളിൽ 70,002 കിലോമീറ്ററിലും വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞുഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുസ്ഥിര വികസനം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള റെയിൽവേയുടെ ഈ ദൗത്യം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്.
1925-ൽ ബോംബെ വിക്ടോറിയ ടെർമിനസിനും കുർള ഹാർബറിനുമിടയിൽ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയതു മുതലാണ് ഇന്ത്യയിൽ റെയിൽവേ വൈദ്യുതീകരണത്തിന് തുടക്കമായത്.ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന വേളയിൽ, കേരളം ഉൾപ്പെടെ രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തങ്ങളുടെ പരിധിയിലുള്ള ബ്രോഡ് ഗേജ് ശൃംഖലയിൽ 100 ശതമാനം വൈദ്യുതീകരണവും പൂർത്തിയാക്കി ചരിത്രനേട്ടം സ്വന്തമാക്കി.
റെയിൽവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജസ്ഥാൻ, തമിഴ്നാട് , അസം, കർണാടക, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമേ വൈദ്യുതീകരണത്തിനായി ബ്രോഡ് ഗേജ് റെയിൽവേ ഭാഗങ്ങൾ ശേഷിക്കുന്നുള്ളൂ, ആകെ 269 റൂട്ട് കിലോമീറ്റർ (ആർകെഎം) വരും.കർണാടക: 120 റൂട്ട് കിലോമീറ്റർ പാതയാണ് ക ഇവിടെ ഇനി പൂർത്തിയാക്കാനുള്ളത്..തമിഴ്നാട്: ആകെ 3,926 കിലോമീറ്ററിൽ 3,858 കിലോമീറ്ററും പൂർത്തിയായി; ഇനി 68 കിലോമീറ്റർ ശേഷിക്കുന്നു.\
അസം: 2,589 കിലോമീറ്റർ ശൃംഖലയിൽ 97.9 ശതമാനം പൂർത്തിയായി; 55 കിലോമീറ്റർ ബാക്കി.ഗോവ: ആകെ 187 കിലോമീറ്റർ പാതയിൽ 16 കിലോമീറ്റർ മാത്രമാണ് ഇനി അവശേഷിക്കുന്നത്.വനമേഖലകളിലൂടെയുള്ള പാതകൾക്ക് വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കാനുള്ള താമസം, കനത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രതിസന്ധികൾ, നിർമാണ സ്ഥലങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാണ് അവശേഷിക്കുന്ന ഭാഗങ്ങളിലെ പദ്ധതി പൂർത്തീകരണത്തെ സ്വാധീനിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
എങ്കിലും, നിലവിൽ അനുവദിക്കുന്ന എല്ലാ പുതിയ റെയിൽവേ ലൈനുകളും മൾട്ടി-ട്രാക്കിംഗ് പദ്ധതികളും നിർമാണ ഘട്ടത്തിൽ തന്നെ വൈദ്യുതീകരണത്തോടെയാണ് പൂർത്തിയാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
- എസ്. ആർ സുധീർ കുമാർ
