കുടുംബത്തോടൊപ്പമുള്ള ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ വിലകൂടിയ ഐഫോൺ കുട്ടി തടാകത്തിലേക്ക് എറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്.
ബോട്ടിലിരിക്കുന്ന കുട്ടി യാതൊരു മടിയും കൂടാതെ പെട്ടെന്ന് തന്നെ കയ്യിലിരുന്ന ഫോൺ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നിമിഷങ്ങൾക്കകം ഫോൺ തടാകത്തിൽ താഴ്ന്നുപോയി. പെട്ടെന്നുണ്ടായ സംഭവത്തിന്റെ ഞെട്ടലിൽ ഫോൺ പിടിച്ചെടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. സംഭവത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. കുട്ടിയുടെ ഭാവവ്യത്യാസമില്ലാതെയുള്ള പ്രവൃത്തിയെ കണ്ട് പലരും ചിരിക്കുമ്പോൾ, വലിയൊരു സാമ്പത്തിക നഷ്ടത്തെക്കുറിച്ചാണ് മറ്റുചിലർ ആശങ്കപ്പെടുന്നത്. അടുത്ത തവണ അമ്മ ഒരു ‘ഹെവി-ഡ്യൂട്ടി വാട്ടർപ്രൂഫ് കേസ്’ വാങ്ങണമെന്നാണ് ചിലരുടെ തമാശരൂപേണയുള്ള ഉപദേശം.
ആധുനിക ഐഫോണുകൾക്ക് മികച്ച വാട്ടർ റെസിസ്റ്റൻസ് ഉണ്ടെങ്കിലും, ഈ ഫോൺ തിരികെ ലഭിച്ചോ അതോ കേടായോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തടാകത്തിൽ വീഴുന്ന ഫോണുകൾ ഉടനടി വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പിന്നീട് ശരിയാക്കിയെടുക്കുക ബുദ്ധിമുട്ടാണ്.
തമാശകൾക്കപ്പുറം, കുട്ടി ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്ന ഗുരുതരമായ സുരക്ഷാവീഴ്ചയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മാതാപിതാക്കളുടെയും ബോട്ട് ഓപ്പറേറ്റർമാരുടെയും ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണിത് എന്ന രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. കുട്ടി ലൈഫ് ജാക്കറ്റ് ധരിക്കാതിരുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ വലിയ ലംഘനമാണ്.
അതേസമയം, വീഡിയോയ്ക്ക് താഴെ തമാശരൂപേണയുള്ള കമന്റുകളും നിറയുന്നുണ്ട്. ഐഫോൺ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ‘ഓളമുണ്ടാക്കി’ എന്ന് കേട്ടറിഞ്ഞ് നേരിട്ട് പരിശോധിക്കാൻ ഇറങ്ങിയതാകും അവൻ, എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “അമ്മയെ പ്രകൃതിയോട് ഇണങ്ങാൻ കുട്ടി സഹായിച്ചതാണ്,” എന്നായിരുന്നു മറ്റൊരു കമന്റ്.
