യാത്ര തികച്ചും തൃപ്തികരമായിരുന്നിട്ടും, തനിക്ക് 5സ്റ്റാർ റേറ്റിംഗ് നൽകരുതെന്ന് അപേക്ഷിച്ച ഒരു ഊബർ ഡ്രൈവറുടെ അനുഭവം സോഷ്യൽ മീഡിയയിൽ നൊമ്പരമാകുന്നു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഈ കുറിപ്പ് ഇതിനോടകം തന്നെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്. റേറ്റിംഗ് സിസ്റ്റങ്ങൾക്ക് പിന്നിലെ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ഓഫീസിൽ പോകാൻ വൈകിയ ഒരു ദിവസമാണ് യുവതി ഈ ഊബർ കാർ ബുക്ക് ചെയ്യുന്നത്. ഡ്രൈവർക്ക് 4.59 എന്ന കുറഞ്ഞ റേറ്റിംഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, സമയം വൈകിയതിനാൽ അവർ യാത്രയുമായി മുന്നോട്ട് പോയി. എന്നാൽ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ വളരെ മാന്യമായി പെരുമാറുകയും, സുരക്ഷിതമായി വണ്ടിയോടിച്ച് നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തു. യാത്രയ്ക്ക് ശേഷം സന്തോഷവതിയായ യുവതി ഡ്രൈവർക്ക് ‘5സ്റ്റാർ റേറ്റിംഗ്’ നൽകാമെന്ന് ഉറപ്പുനൽകിയപ്പോഴാണ്, അദ്ദേഹം “ദയവായി അത് ചെയ്യരുത്” എന്ന് കൈകൂപ്പി അപേക്ഷിച്ചത്.
ഉയർന്ന റേറ്റിംഗ് ലഭിച്ചാൽ ഊബറിന്റെ അൽഗോരിതം ഡ്രൈവർമാർക്ക് ദൂരെയുള്ള യാത്രകളും എയർപോർട്ട് ട്രിപ്പുകളും മുൻഗണനാടിസ്ഥാനത്തിൽ നൽകും. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ നിലവിൽ ക്യാൻസർ രോഗബാധിതയായി കീമോതെറാപ്പിക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ പെട്ടെന്ന് വീട്ടിലെത്താൻ സാധിക്കുന്നതിനായി സ്വന്തം വീടിന്റെ പരിസരപ്രദേശങ്ങളിൽ മാത്രം സർവീസ് നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ഡ്രൈവറുടെ സാഹചര്യം മനസ്സിലാക്കിയ യുവതി അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഒടുവിൽ 4സ്റ്റാർ റേറ്റിംഗ് നൽകി. ഈ സംഭവം ആഴ്ചകളോളം തന്റെ മനസ്സിൽ തങ്ങിനിന്നു എന്ന് യുവതി കുറിച്ചു. നാം പലപ്പോഴും ആളുകളെ സ്കോറുകളുടെയും റേറ്റിംഗുകളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. എന്നാൽ അതിനുപിന്നിൽ യഥാർത്ഥ മനുഷ്യജീവിതങ്ങളുണ്ടെന്ന് നാം മറന്നുപോകുന്നു. ചിലപ്പോൾ കുറഞ്ഞ റേറ്റിംഗ് ഉള്ള വ്യക്തി, നമുക്കറിയാത്ത വലിയൊരു ജീവിതഭാരവും ചുമലിലേറ്റിയാകും ജീവിക്കുന്നത്,” യുവതി എക്സിൽ കുറിച്ചു.
ഈ പോസ്റ്റിന്റെ വിശ്വാസ്യത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഡിജിറ്റൽ നമ്പറുകൾക്ക് പിന്നിൽ നിശബ്ദമായി പോരാടുന്ന മനുഷ്യരുണ്ടെന്ന വലിയൊരു സന്ദേശമാണ് ഇത് നൽകുന്നത്. പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.
