ഓടുന്ന ട്രെയിനിൽ മോഷണശ്രമം നടത്തിയ കള്ളനെ യാത്രക്കാർ സാഹസികമായി പിടികൂടിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ജനലരികിലിരുന്ന യാത്രക്കാരുടെ സാധനങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചയാളെയാണ് യാത്രക്കാർ കൈക്ക് പിടിച്ച് അടുത്ത സ്റ്റേഷൻ എത്തുന്നതുവരെ പുറത്ത് തൂക്കിയിട്ടത്.
ജനലിലൂടെ കൈയിട്ട് മോഷണം നടത്താൻ ശ്രമിച്ച കള്ളന്റെ കൈ ഒരു യാത്രക്കാരൻ പെട്ടെന്ന് തന്നെ പിടികൂടുകയായിരുന്നു. തുടർന്ന് മറ്റ് യാത്രക്കാരും ഒപ്പം ചേർന്നതോടെ രക്ഷപ്പെടാൻ ശ്രമിച്ച കള്ളൻ ട്രെയിനിന് പുറത്തായി തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായി.
ട്രെയിൻ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ യാത്രക്കാർ വിട്ടുകൊടുക്കാതെ അയാളുടെ കൈയിൽ ദൃഢമായി പിടികൂടിയിരുന്നു. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതുവരെ യാത്രക്കാർ ഇതേ രീതിയിൽ അയാളെ പിടിച്ചുവെച്ചു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കള്ളന്മാർക്ക് നൽകേണ്ട ചുട്ടമറുപടിയാണിതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, നിയമം കയ്യിലെടുക്കുന്നത് അപകടകരമാണെന്നും പിന്നീട് ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ടാകുമെന്നും മറ്റുള്ളവർ അഭിപ്രായപ്പെടുന്നു.
