തിരുവനന്തപുരം: നിയമസഭയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം . ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്. പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമായവർക്ക് കൈത്താങ്ങായി വൺ കേരള കരുതൽ മിഷൻ പദ്ധതി.
പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങുന്ന കുടുംബങ്ങൾക്ക് നേരിട്ട് സഹായം എത്തിക്കുകയാണ് മിഷന്റെ പ്രധാന ലക്ഷ്യം.
സർക്കാർ ഇതര സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ, സന്നദ്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ സുതാര്യമായ രീതിയിൽ അർഹരിലേക്ക് എത്തിക്കുക എന്നതായിരിക്കും ഈ മിഷന്റെ പ്രവർത്തന തത്വം.
കായിക കേരളത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കും. ഇതിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
ലോകകപ്പ് മത്സരം നടക്കുന്ന സമയത്താണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും.
വയോജന വകുപ്പിൽ കെയര്‍ ഗീവര്‍ പദ്ധതി നടപ്പിലാക്കുമെന്നും രോഗപരിപാലന പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്കിനായി 60 കോടി വകയിരുത്തും.
എൽഡിഎഫ് സർക്കാർ രൂപീകരിച്ച ധനകാര്യ സ്ഥാപനമായ കിഫ്ബി പരിഷ്കരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
