ഫരീദാബാദ്: സ്വകാര്യ സ്കൂളിനുള്ളിൽ കയറി അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ സിക്രോണ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ സന്ധ്യ (29) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ 9:30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കോട്ട് ഗ്രാമത്തിലെ അമിത് (21) എന്ന യുവാവിനെ സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ സ്കൂളിലെത്തിയ അമിത് സന്ധ്യയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അധ്യാപിക ലോബിയിലെത്തിയ ഉടൻ മാസ്ക് ധരിച്ച പ്രതി ഇവരുടെ കഴുത്തിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും കത്തികൊണ്ട് മുഖത്തും കഴുത്തിലും നെഞ്ചിലുമായി ഇരുപതിലധികം തവണ കുത്തുകയുമായിരുന്നു.
പ്രതി സ്കൂൾ ലോബിയിൽ കാത്തുനിൽക്കുന്നതും അധ്യാപികയെ അതിക്രമത്തിന് ഇരയാക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തടയാൻ ശ്രമിച്ച സ്കൂൾ അഡ്മിനിസ്ട്രേറ്റർക്ക് നേരെയും പ്രതി കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
പ്രതി കുറച്ചുനാളുകളായി സന്ധ്യയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇതിനെതിരെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അധ്യാപിക പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് പരസ്യമായി മാപ്പുപറഞ്ഞ് ഊരിപ്പോന്ന അമിത്, ഈ വൈരാഗ്യം തീർക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
