ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ, പ്രത്യേകിച്ച് മുംബൈ മെട്രോയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു അമേരിക്കൻ യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയുടെ ആധുനിക ഗതാഗത രൂപകൽപ്പനയിൽ നിന്ന് അമേരിക്കയ്ക്ക് ഏറെ പഠിക്കാനുണ്ടെന്നാണ് ലിവ് എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.
“മുംബൈ മെട്രോ അനുഭവം” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് ലിസ് തന്റെ ആദ്യ മുംബൈ മെട്രോ യാത്രയെക്കുറിച്ച് വിവരിക്കുന്നത്. മെട്രോയിലെ അത്യാധുനിക സൌകര്യങ്ങൾ, വൃത്തി, കുറഞ്ഞ യാത്രാക്കൂലി, കാര്യക്ഷമത എന്നിവ അവരെ ഏറെ അത്ഭുതപ്പെടുത്തി. ലോക്കൽ ട്രെയിനുകൾക്കൊപ്പം ലക്ഷക്കണക്കിന് ആളുകൾക്ക് ദിനംപ്രതി ആശ്വാസമേകുന്നതാണ് മുംബൈയിലെ മെട്രോ സംവിധാനം.
മെട്രോയിലെ ശക്തമായ എയർ കണ്ടീഷനിംഗ് , സുരക്ഷാ സംവിധാനങ്ങൾ, സ്ത്രീകൾക്കായുള്ള പ്രത്യേക കോച്ചുകൾ എന്നിവയെല്ലാം മികച്ചതാണെന്ന് ലിസ് സാക്ഷ്യപ്പെടുത്തുന്നു. “ഞാൻ മുംബൈയിലാണ്, ആദ്യമായാണ് ഇവിടെ മെട്രോയിൽ കയറുന്നത്. വെറും 20 രൂപ മാത്രമാണ് ഒരു ടിക്കറ്റിന്റെ വില,” ലിസ് വീഡിയോയിൽ പറയുന്നു. സ്റ്റേഷനുകൾ വളരെ വൃത്തിയുള്ളതാണെന്നും ഇവിടുത്തെ ഓട്ടോമാറ്റിക് സുരക്ഷാ ഡോറുകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രശസ്തമായ ന്യൂയോർക്ക് സിറ്റി സബ്വേയേക്കാൾ എത്രയോ മടങ്ങു മികച്ചതും വൃത്തിയുള്ളതുമാണ് മുംബൈ മെട്രോയെന്ന് ലിസ് ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനങ്ങളിലൊന്നായ ഡൽഹി മെട്രോ കൂടി ലിസ് സന്ദർശിക്കണമെന്നും കമന്റുകളിൽ പലരും നിർദ്ദേശിക്കുന്നുണ്ട്.
