തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടാകുന്ന തുടര്‍ച്ചയായ തിരിച്ചടിക്ക് പരിഹാരം കാണാനും പുതിയ ഡാം നിര്മിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി വി.ഡി. സതീശനെയും കേന്ദ്ര മന്ത്രി അമിത് ഷായെയും നേരിട്ടുകണ്ട് നിലവിലെ അപകടാവസ്ഥ ബോധ്യപ്പെടുത്താന്‍ മുല്ലപ്പെരിയാര്‍ ജനസംരക്ഷണ സമിതി തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വാദം കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്.
ദേശീയ ഡാം സുരക്ഷ അഥോറിറ്റിയെ അണക്കെട്ടിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടായെങ്കിലും അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താന്‍ തമിഴ്നാട് സഹകരിക്കാതെ എതിര്‍പ്പുയര്‍ത്തുകയാണ്. ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമിക്കുമ്പോഴും ഡാമിന്റെ കാലപ്പഴക്കവും അപകടാവസ്ഥയും കേന്ദ്ര സമിതികളെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെടുകയാണ്.
കേന്ദ്ര മേല്‍നോട്ട സമിതിയുടെ തീരുമാനപ്രകാരം ഡാമിന്റെ സുരക്ഷാ പരിശോധന നടത്താനുള്ള സംഘത്തില്‍ സംസ്ഥാനം തീരുമാനിച്ച വിദഗ്ധനെ ഒഴിവാക്കിയത് സംസ്ഥാനത്തിന്റെ അധികാരത്തില്‍ മേലുള്ള കടന്നുകയറ്റമാണ്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെയും 40 ലക്ഷം പേരുടെ ജീവനു ഭീഷണിയായി നില്ക്കുന്ന അണക്കെട്ടിന്റെ അപകടാവസ്ഥ നേരിട്ട് ബോധ്യപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉറപ്പാക്കുവാനായി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായേയും നേരില്‍ക്കണ്ട് നിലവിലെ അപകടാവസ്ഥ ബോധ്യപ്പെടുത്തുമെന്ന് സമിതി ചെയര്മാന് അഡ്വ. റോയ് വാരികാട്ടും ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാറും പിആര്‍ഒ ഷിബു കെ. തമ്പിയും പറഞ്ഞു.
