കടുത്തുരുത്തി: കാപ്പുന്തല-തുരുത്തിപ്പള്ളി റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തി കുഴികള്‍ രൂപപ്പെട്ടതോടെ റോഡിന്റെ വശങ്ങളില് വീപ്പകള്‍ വച്ച് അപകടമുന്നറിയിപ്പ് നല്കി പൊതുമരാമത്ത് വകുപ്പ്. ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതാണ് അപകട മുന്നറിയിപ്പുമായി വീപ്പകള്‍ സ്ഥാപിച്ചു റിബണ്‍ കെട്ടി നിര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമീപത്തുകൂടി ഒഴുകുന്ന കൂവേലി തോടിന്റെ കല്‍ക്കെട്ടിന് സമീപത്താണ് അപകടഭീഷിണി ഉയര്‍ത്തുന്ന നിരവധി കുഴികളുള്ളത്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികിലാണ് ദുരന്തഭീഷണിയുമായി കുഴികള്‍ രൂപപെട്ടിരിക്കുന്നത്. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ കുഴികൾ രൂപപ്പെട്ടിട്ടു ണ്ടെങ്കിലും നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചു പരിഹരിക്കുകയായിരുന്നു.
മഴ ശക്തമായതോടെ തോടിന്റെ കല്‍ക്കെട്ടിനിടയിലൂടെ മണ്ണ് ഒലിച്ചുപോകുന്നതാണ് വീണ്ടും കുഴികള്‍ രൂപപ്പെടാനിടയാക്കിയത്. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നടന്നു പോകുമ്പോള്‍ ഈ ഭാഗങ്ങളില്‍ ചവിട്ടിയാല്‍ താഴേക്കു വീണു അപകടമുണ്ടാകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരത്തില്‍ 150 മീറ്ററിലേറെ ദൂരത്തില്‍ റോഡിന്റെ വശങ്ങളില് ഭീഷണി നിലനില്‍ക്കുകയാണ്.
