ഓഫീസ് സമയത്തിന് ശേഷം ചെയ്യുന്ന ഉപജീവന മാർഗ്ഗങ്ങളിലൂടെ പ്രതിമാസം 1,000 ഡോളറിലധികം (ഏകദേശം 94,500 രൂപ) അധികമായി സമ്പാദിക്കുന്ന ഒരു എഐ സ്റ്റാർട്ടപ്പ് ജീവനക്കാരിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ന്യൂയോർക്കിൽ പ്രൊഡക്ട് മാനേജരായി ജോലി ചെയ്യുന്ന 35കാരിയായ ജെന്നിഫർ മാർട്ടിനസ് ആണ്
തന്റെ അധിക വരുമാനത്തെകുറിച്ച് വെളിപ്പെടുത്തിയത്.
2017 മുതൽ ഈ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്ന ജെന്നിഫറിന് ശമ്പളത്തിൽ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും, പണപ്പെരുപ്പത്തിനൊപ്പം ജീവിക്കാൻ ഇത് തികയാതെ വന്നതോടെയാണ് അവർ മറ്റ് വഴികൾ തേടിയത്.സ്വന്തമായി ഒരു വീട് വാങ്ങുക, കൂടുതൽ യാത്രകൾ ചെയ്യുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ തന്റെ ശമ്പളം മാത്രം പോരാ എന്ന് മനസ്സിലാക്കിയ ജെന്നിഫർ, രണ്ട് വർഷം മുമ്പാണ് ‘ഡോഗ് സിറ്റിംഗ്’ എന്ന പാർട്ട് ടൈം ജോലിയിലേക്ക് തിരിഞ്ഞത്.
തുടക്കത്തിൽ നായ്ക്കൾ കടിക്കുമോ അല്ലെങ്കിൽ ഫർണിച്ചറുകൾ നശിപ്പിക്കുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും ജെന്നിഫർ ഈ ജോലിയിൽ പെട്ടെന്ന് പൊരുത്തപ്പെട്ടു. മാസത്തിൽ 20 മുതൽ 25 ദിവസം വരെ തന്റെ വീട്ടിൽ നായ്ക്കളെ താമസിപ്പിക്കുന്ന ഇവർ, ഒരു രാത്രിക്ക് 65 ഡോളർ വീതമാണ് ഈടാക്കുന്നത്. ഇതിലൂടെ മാത്രം മാസം 1,000 ഡോളറോളം (94,504 രൂപ) ഇവർക്ക് ലഭിക്കുന്നുണ്ട്.
ഡോഗ് സിറ്റിംഗിന് പുറമെ മറ്റ് ചില വരുമാന മാർഗ്ഗങ്ങളും ജെന്നിഫറിനുണ്ട്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് തുടങ്ങിയ ഹോബിയായ സെറാമിക് പ്ലേറ്റ് നിർമാണം വഴി ഇവർ ‘എറ്റ്സി’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്ലേറ്റുകൾ വിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 60 ഡോളർ വിലവരുന്ന 15 പ്ലേറ്റുകൾ ഇവർ വിറ്റു.
കൂടാതെ, ജോലിയിലെ സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ടിക്ടോക്കിൽ വീഡിയോകളും ഇവർ പങ്കുവെക്കുന്നുണ്ട്. തന്റെ എല്ലാ പാർട്ട് ടൈം ജോലികളും ആരോഗ്യവും മാനസിക ഉല്ലാസവുമായി ബന്ധപ്പെട്ടതായതിനാൽ ഇവയെല്ലാം സോഷ്യൽ മീഡിയയിൽ ഡോക്യുമെന്റ് ചെയ്യാനും ഇവർക്ക് താത്പര്യമുണ്ട്.
ഭാവിയിൽ ഇത്തരം സൈഡ് ബിസിനസുകളിലൊന്ന് തന്റെ മുഴുവൻ സമയ ജോലിയാക്കി മാറ്റണമെന്നാണ് ഈ ന്യൂയോർക്കുകാരിയുടെ ആഗ്രഹം. ഈ അധിക വരുമാനം വലിയ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നുണ്ടെങ്കിലും, ഭാവിയിൽ ഏത് മേഖല തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ താൻ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും ജെന്നിഫർ സമ്മതിക്കുന്നു
