യുപിയിൽ വീടുമാറിപ്പോകുന്ന വിദ്യാർഥികൾക്കായി ട്യൂഷൻ അധ്യാപിക സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങും കുട്ടികളുടെ കൂട്ടായ്മയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘റാണാജി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോയിൽ, അധ്യാപികയും കുട്ടികളും ഒന്നിച്ചിരുന്ന് യാത്രയയപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും പങ്കുവെക്കലിനെക്കുറിച്ചും സംസാരിക്കുന്നത് കാണാം.
വീട്ടിൽ നിന്ന് കൊണ്ടുവന്ന വിഭവങ്ങൾ ഓരോ കുട്ടിയായി ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ, ലളിതമായ ഈ ചടങ്ങ് രുചികരമായ ഒരു വിരുന്നായി മാറുകയായിരുന്നു.
വിവിധതരം ചിപ്സുകൾ, ബിസ്ക്കറ്റുകൾ, ചോക്കോ പൈകൾ, സമോസകൾ എന്നിവയ്ക്ക് പുറമെ ചില കുട്ടികൾ ഉണ്ടാക്കിക്കൊണ്ടുവന്ന ഇഡ്ഡലിയും സാമ്പാറും വിരുന്നിന് വീട്ടുരുചി പകർന്നു.
പരസ്പരം ഭക്ഷണ സാധനങ്ങൾ കൈമാറി സന്തോഷം പങ്കിട്ട കുട്ടികളുടെ ഈ ലളിതവും മനോഹരവുമായ കൂട്ടായ്മയെ പ്രശംസിച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്.
